ബെംഗളൂരു: ബെംഗളൂരു- മൈസൂരു പാതയിൽ (എൻ.എച്ച്. 275) നടപ്പാക്കുന്ന ജി.പി.എസ്. അധിഷ്ഠിത ടോൾ സംവിധാനത്തിന് കൺസൾട്ടൻസിയെ നിയോഗിച്ചതായി കേന്ദ്രം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് രാജ്യസഭയിൽ ഇക്കാര്യമറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
മാർച്ചിനുള്ളിൽ ബെംഗളൂരു- മൈസൂരു പാതയിൽ ജി.പി.എസ്. അധിഷ്ഠിത ടോൾ ഏർപ്പെടുത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പദ്ധതി വൈകുകയായിരുന്നു. വാഹനത്തിൽ ഘടിപ്പിച്ച ജി.പി.എസ്. ഉപകരണത്തിന്റെ സഹായത്തോടെ ടോൾ പാതയിലൂടെ സഞ്ചരിച്ച ദൂരത്തിനുമാത്രം ടോൾ ഈടാക്കുന്നതാണ് പദ്ധതി. എ.ഐ. ക്യാമറകൾ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർപ്ലേറ്റ് സ്കാൻചെയ്യാനുള്ള സംവിധാനവും ഇതിനൊപ്പം വരും.
ബെംഗളൂരു -മൈസൂരു പാതയിൽ കൂടുതൽ എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവൃത്തികൾ ഏകോപിപ്പിക്കുകയും ആവശ്യമായ സങ്കേതിക സഹായങ്ങൾ നൽകുകയുമായിരിക്കും കൺസൾട്ടൻസിയുടെ പ്രധാന ചുമതല.
ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. അതേസമയം മുഴുവൻ വാഹനങ്ങളിലും ജി.പി.എസ്. സംവിധാനമില്ലാത്ത് പദ്ധതി നടപ്പിലാക്കുന്നതിനുള്ള വലിയ വെല്ലുവിളിയാണ്. ഘട്ടംഘട്ടമായി രാജ്യത്തെ മുഴുവൻ ടോൾ പാതകളും ഈ രീതിയിലേക്ക് മാറ്റാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
അമിത് ഷായെ പൊതുസംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതികളെപ്പറ്റി പൊതുവേദിയിൽ സംവാദം നടത്താൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തെ ഖജനാവ് കാലിയാക്കിയെന്ന അമിത് ഷായുടെ ആരോപണത്തോട് പ്രതികരിച്ചാണ് വെല്ലുവിളി.
വാഗ്ദാന പദ്ധതികൾക്കൊണ്ടല്ല, കേന്ദ്ര സർക്കാർ നികുതിവിഹിതത്തിൽ സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നതുകൊണ്ടാണ് ഖജനാവ് കാലിയായതെന്ന് തെളിയിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ വാഗ്ദാന പദ്ധതികൾ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി. നേതാക്കൾ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.