ബംഗളൂരു: കർണാടക സർക്കാറിനെതിരായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫിസിന് പൂട്ടിടാനുള്ള ബി.ജെ.പി പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
ബുധനാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസർക്കാറിനെതിരെ മുഖ്യമന്ത്രിയും ഭരണപക്ഷ എം.എല്‍.എമാരും എം.എല്‍.സിമാരും കർണാടകയില്‍നിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാരും പ്രതിഷേധം നടത്തുന്നതിന് ബദലായാണ് ബി.ജെ.പി സമരം ബംഗളൂരുവില്‍ അരങ്ങേറിയത്. വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു പ്രതിഷേധം.
ചില ബി.ജെ.പി നേതാക്കള്‍ വിധാൻ സൗധയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പൂട്ടിടാൻ നടത്തിയ ശ്രമം പൊലീസ് തടയുകയായിരുന്നു. വിധാൻ സൗധയിലേക്കുള്ള പ്രവേശന കവാടം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ശ്രദ്ധനേടാനാണ് സിദ്ധരാമയ്യ ഡല്‍ഹിയില്‍ സമരം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി കമ്മിറ്റി അംഗവുമായ ബി.എസ്. യെദിയൂരപ്പ കുറ്റപ്പെടുത്തി.
പ്രശ്നം പരിഹരിക്കാനല്ല സിദ്ധരാമയ്യ ശ്രമിക്കുന്നത്. വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിന് പകരം എല്ലാ എം.എല്‍.എമാരെയും കൂട്ടി ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുകയാണെന്നും യെദിയൂരപ്പ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രതിപക്ഷ നേതാവ് ആർ. അശോക തുടങ്ങിയവർ സമരത്തില്‍ പങ്കെടുത്തു.