ബെംഗളൂരു: കോവിഡിന്റെ ജെ.എൻ.1 വകഭേദമുയർത്തിയ ഭീഷണി ഒഴിയുന്നതിനിടെ കർണാടകത്തിൽ പുതിയ ആശങ്കയായി കുരങ്ങുപനി (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്). സംസ്ഥാനത്ത് വനമേഖലയോടടുത്തുകിടക്കുന്ന സ്ഥലങ്ങളിലാണ് വൈറസ് മൂലമുള്ള രോഗം പടരുന്നത്. ശിവമോഗ, ഉത്തര കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് രോഗം വ്യാപിച്ചത്. ശിവമോഗയിലും ചിക്കമഗളൂരുവിലും രോഗംബാധിച്ച് ഓരോമരണം റിപ്പോർട്ട് ചെയ്തു. ശിവമോഗയിൽ 13 പേരും ഉത്തരകന്നഡയിൽ 22 പേരും ചിക്കമഗളൂരുവിൽ മൂന്നുപേരും ചികിത്സയിലുണ്ട്. ഇതുവരെ 65 പേർക്ക് രോഗം ബാധിച്ചു. 37 പേർ ചികിത്സയിലുണ്ട്.
നവംബർ മാസത്തിലാണ് ഈ രോഗത്തിന്റെ സാന്നിധ്യമുണ്ടാകാറെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തവണ ജനുവരിയിലാണ് ആദ്യമരണമുണ്ടായത്. ശിവമോഗയിലെ ഹൊസനഗരയിൽ 18 വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചത്. കഴിഞ്ഞദിവസം രണ്ടാമത്തെ മരണമുണ്ടായി. ചിക്കമഗളൂരുവിലെ ശൃംഗേരി സ്വദേശിയായ 79-കാരൻ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ശനിയാഴ്ച നാലുപേർക്കും ഞായറാഴ്ച 11 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
കുരങ്ങുകളുടെ ശരീരത്തിലെ ചെള്ളുകൾ മനുഷ്യരെ കടിക്കുന്നതുമൂലമാണ് കുരുങ്ങുപനി പടരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചെള്ള് കടിച്ച കന്നുകാലികളുമായി ഇടപഴകുന്നവർക്കും അസുഖം വരാം. വനമേഖയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഈ രോഗത്തെ നിയന്ത്രിക്കാൻ ഫലപ്രദമായ പ്രതിരോധമരുന്ന് നിലവിലില്ല. പെട്ടെന്നുള്ള പനി, ജലദോഷം, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ സാംപിളുകൾ പരിശോധിച്ച് രോഗം പെട്ടെന്ന് കണ്ടുപിടിക്കാനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു.