ബെംഗളൂരു: സംസ്ഥാന സർക്കാർ ബുധനാഴ്ച ഡൽഹിയിൽ നടത്തുന്ന സമരം കോൺഗ്രസിന്റെ രാഷ്ട്രീയ നാടകമാണെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെ പറഞ്ഞു. ഇത് സർക്കാരിന്റെ തെറ്റുകളെ മറച്ചുവെക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.
എന്തിനും കേന്ദ്ര സർക്കാരിനെ കുറ്റംപറഞ്ഞ് സ്വന്തം തെറ്റുകൾ മറക്കുന്ന സിദ്ധരാമയ്യയുടെ പഴയശീലം മാറിയിട്ടില്ല. 15-ാം ധനകാര്യക്കമ്മിഷൻ സംസ്ഥാനത്തിനുള്ള ഗ്രാന്റ് കുറച്ചതിന് ഉത്തരവാദി സിദ്ധരാമയ്യയാണെന്നും ബൊമ്മെ കുറ്റപ്പെടുത്തി.
ധനകാര്യ കമ്മിഷൻ സംസ്ഥാനം സന്ദർശിച്ചപ്പോൾ കോൺഗ്രസ് സർക്കാരാണ് അധികാരത്തിൽ. സംസ്ഥാനത്തിന്റെ സാമ്പത്തികനിലയിൽ കമ്മിഷൻ തൃപ്തി രേഖപ്പെടുത്താത്തതാണ് ഗ്രാന്റ് കുറക്കാൻ കാരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ധവളപത്രമിറക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബൊമ്മെ ആവശ്യപ്പെട്ടു.