ബംഗളൂരു: അരിക്കൊമ്പന് ശേഷം സോഷ്യലിടത്ത് വൈറലായ ആനയാണ് തണ്ണീര്‍ക്കൊമ്പന്‍. ഏവരെയും കണ്ണീരലാഴ്ത്തിയിരിക്കുകയാണ് കൊമ്പന്റെ വിയോഗം. ഇപ്പോഴിതാ ആനയ്ക്ക് തണ്ണീര്‍ക്കൊമ്പന്‍ എന്ന പേര് വന്നതെങ്ങനെയെന്ന് നോക്കാം. കര്‍ണാടക ഹസനിലെ കാപ്പിത്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു തണ്ണീര്‍ക്കൊമ്പന്‍. അവിടുത്തെ ജലസേചനത്തിനുള്ള പൈപ്പുകള്‍ തകര്‍ക്കലായിരുന്നു സ്ഥിരം പരിപാടി. പൈപ്പില്‍ നിന്നുള്ള ജലധാരയില്‍ കുളിച്ച് രസിച്ചും വെള്ളം കുടിച്ചും മണിക്കൂറുകളോളം നില്‍ക്കുകയും ചെയ്തതോടെയാണ് കാട്ടുകൊമ്പന് തണ്ണീര്‍ക്കൊമ്പന് എന്ന പേരിട്ടത്. കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്മുണ്ടാക്കുമായിരുന്നെങ്കിലും മനുഷ്യരെ ഇതുവരെ ഉപദ്രവിച്ച ചരിത്രമില്ല.
മാനന്തവാടിയെ ഇന്നലെ മുള്‍മുനയില്‍ നിര്‍ത്തിയ ‘തണ്ണീര്‍ക്കൊമ്പന്‍’ ഇന്ന് വെളുപ്പിനാണ ചെരിഞ്ഞത്.മയക്കുവെടിവെച്ചു പിടികൂടി ബന്ദിപൂര്‍ വനമേഖലയിലെത്തിച്ച ശേഷമാണ് ആന ചെരിഞ്ഞത്. ജനുവരി 10ന് കര്‍ണാടക ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ എസ്റ്റേറ്റില്‍ നിന്ന് പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍ വിട്ട ‘തണ്ണീര്‍’ എന്ന കാട്ടാനയാണ് നാട്ടില്‍ ഭീതിവിതച്ചത്. ബന്ദിപ്പൂര്‍ വനത്തില്‍നിന്ന് 200ഓളം കി.മീറ്റര്‍ സഞ്ചരിച്ചാണ് മൂന്ന് ആനകള്‍ മാനന്തവാടിയിലെത്തിയത്.
വ്യാഴാഴ്ച രാത്രി 11.30ഓടെ നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ തലപ്പുഴ സ്റ്റേഷന്‍ പരിധിയിലുള്ള മക്കിമല പായോട് എത്തുകയായിരുന്നു. മൂന്നാനകള്‍ ജനവാസ കേന്ദ്രത്തിലെത്തിയതറിഞ്ഞ വനപാലകര്‍ ഇവയെ കാടുകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂട്ടം തെറ്റിയ ആന മാനന്തവാടി ഭാഗത്തേക്കു നീങ്ങിയത്. ആന ഇറങ്ങിയതിന് പിന്നാലെ നഗരത്തിലെ സ്‌കൂളുകള്‍ക്കും അവധി നല്‍കി. നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം ബന്ദിപ്പുര്‍ വനമേഖലയില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിതെന്ന് സ്ഥിരീകരിച്ചു. പകല്‍ മുഴുവന്‍ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേര്‍ന്നാണ് നിലയുറപ്പിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു.