Home Featured ബംഗളൂരു നഗരവികസന പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം

ബംഗളൂരു നഗരവികസന പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം

by admin

ബംഗളൂരു: ബംഗളൂരു നഗരവികസനത്തിനായുള്ള പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സംസ്ഥാന നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീല്‍ പറഞ്ഞു.

263 കോടി രൂപ ചെലവില്‍ ബൈയപ്പനഹള്ളി റെയില്‍വേ ലെവല്‍ ക്രോസില്‍ അധിക രണ്ടുവരി റെയില്‍വേ മേല്‍പാലവും ഐ.ഒ.സി ജങ്ഷനില്‍ എലിവേറ്റഡ് റോട്ടറി മേല്‍പാലവും നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.

1,200 കോടി രൂപ ചെലവ് വരുന്ന നഗരത്തിലെ റോഡുകളുടെ വൈറ്റ് ടോപ്പിങ്ങിനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

പദ്ധതി മുന്‍ വര്‍ഷം തീരുമാനിച്ചതാണെന്നും ഫണ്ടിന്‍റെ അഭാവം കാരണം അംഗീകാരം വൈകിയതാണെന്നും മന്ത്രി പറഞ്ഞു. 2006ല്‍ ബി.ബി.എം.പി പരിധിയില്‍ ഉള്‍പ്പെടുത്തിയ 110 വില്ലേജുകളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡിന് (ബി.ഡബ്ലയു.എസ്.എസ്.ബി) ഭരണാനുമതിയും നല്‍കി.

ബെളഗാവി ജില്ലയിലെ ഹിരേബാഗേവാഡിയിലെ 61 തടാകങ്ങള്‍ 519.10 കോടി രൂപ ചെലവില്‍ പുനരുജ്ജീവിപ്പിക്കും. പുതിയ ഹാവേരി മെഡിക്കല്‍ കോളജ്, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍, അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ എന്നിവക്കായി 499 കോടി രൂപയും മന്ത്രിസഭ നീക്കിവെച്ചു.

ചിക്കബല്ലാപുര നന്ദി മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 810 കോടി, യാദ്ഗിര്‍ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 416 കോടി, ചിക്കമഗളൂരു മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് 455 കോടി എന്നിവയും വകയിരുത്തിയിട്ടുണ്ട്.

കര്‍ഷകര്‍ അവരുടെ ഹ്രസ്വകാല, ദീര്‍ഘകാല വായ്പകളുടെ മുതല്‍ തിരികെ നല്‍കിയാല്‍, തിരിച്ചടക്കാത്ത വായ്പകളുടെ 440.20 കോടി രൂപയുടെ പലിശ എഴുതിത്തള്ളുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.

കൂടാതെ ഗുല്‍ബര്‍ഗ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്ബസില്‍ 126.90 കോടി രൂപ ചെലവില്‍ 300 കിടക്കകളുള്ള ആശുപത്രിയും നിര്‍മിക്കാനും അംഗീകാരം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group