ബംഗളൂരു: കുമാര പർവതത്തിലെ ട്രക്കിങ്ങില്‍ നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വനംവകുപ്പിന് കീഴിലെ എല്ലാ ട്രക്കിങ് പാതകളിലേക്കുമുള്ള പ്രവേശനം ഓണ്‍ലൈൻ ബുക്കിങ്ങിലൂടെ മാത്രമാക്കി. ട്രക്കിങ് സ്പോട്ടില്‍ എത്തിയ ശേഷമുള്ള അനുമതി തേടലിനാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.
വനം വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തു മുന്‍കൂട്ടി അനുമതി വാങ്ങി മാത്രമേ ഇനി ട്രക്കിങ് പോയന്റുകളില്‍ എത്തിച്ചേരാനാകൂ. ഇത് സംബന്ധിച്ച് സംസ്ഥാന വനംവകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി.
ഓണ്‍ലൈനില്‍ നിശ്ചിത ആളുകള്‍ക്ക് മാത്രമേ പ്രതിദിനം ട്രക്കിങ്ങിന് അനുമതി ലഭിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ബുക്കിങ് തടസ്സമില്ലാതെ നടത്താനുള്ള സജ്ജീകരണം വനം വകുപ്പ് ക്രമീകരിക്കുന്നുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുള്ള ട്രക്കിങ് സ്പോട്ടിലേക്ക് ബുക്ക് ചെയ്തു യാത്ര പോകുന്നതിന് തടസ്സങ്ങളൊന്നുമില്ല. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും തുടര്‍ന്നു വന്ന വാരാന്ത്യ അവധി ദിവസങ്ങളിലും ചില ട്രക്കിങ് സ്പോട്ടുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കുമാര പര്‍വതം ഉള്‍പ്പെടെയുള്ള അതീവ പരിസ്ഥിതി ലോല മേഖലകളിലായിരുന്നു സഞ്ചാരികളുടെ ബാഹുല്യം കണ്ടത്. അപകടം സംഭവിച്ചാല്‍ ആളുകളെ താഴെ എത്തിക്കുന്നതിനുള്ള പ്രാഥമികമായ സജ്ജീകരണംപോലും മിക്കയിടങ്ങളിലുമില്ല. സഞ്ചാരികള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്.