ബെംഗളൂരു: പുതുവർഷത്തിൽ നിർമാണവേഗത കൈവരിച്ച ബെംഗളൂരു സബർബൻ റെയിൽപദ്ധതിയുടെ ദൈർഘ്യം മുൻപ് നിശ്ചയിച്ചതിനേക്കാൾ കൂട്ടുന്നതിനുള്ളനടപടികൾ പുരോഗമിക്കുന്നു. റെയിൽപ്പാതയുടെ ദൈർഘ്യം ഏകദേശം ആറുകിലോമീറ്ററിനടുത്ത് കൂട്ടാനാണുനീക്കം. നേരത്തേ 148.17 കിലോമീറ്ററാണ് പദ്ധതിയുടെദൈർഘ്യം നിശ്ചയിച്ചിരുന്നത്. രാജനഗുണ്ഡെ – ഹീലലിഗെ (കനക ലൈൻ- നാലാം കോറിഡോർ), വൈറ്റ്ഫീൽഡ് – കെങ്കേരി (പാരിജാത ലൈൻ- മൂന്നാം കോറിഡോർ) എന്നീ പാതകളിലായിട്ടാകും ആറു കിലോമീറ്ററോളം അധികം ഉണ്ടാവുക. സാധ്യതാപഠനം നടത്തിക്കഴിഞ്ഞെങ്കിൽമാത്രമേ അധികമുണ്ടാകുന്ന പാതയുടെ ദൈർഘ്യംഎത്രയെന്ന് കൃത്യമായിഅറിയാനാകൂ.
പാതയുടെദൈർഘ്യം കൂട്ടാൻ സംസ്ഥാനസർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടിന്റെ (ഡി.യു.എൽ.ടി.) നിർദേശം പദ്ധതിനടപ്പാക്കുന്ന നോഡൽ ഏജൻസിയായ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്പ്‌മെന്റ് എന്റർപ്രൈസസ് (കെ- റൈഡ്) അംഗീകരിച്ചതായാണ് വിവരം.
ഇത് ഇനി ദക്ഷിണപശ്ചിമ റെയിൽവേവഴി റെയിൽവേബോർഡിന് അയക്കും. കനക ലൈനിൽ ചന്ദാപുരവരെ ഒരുകിലോമീറ്ററോളം നീട്ടാനാണ് നിർദേശം. പാരിജാതലൈനിൽ ചല്ലഘട്ടയിലേക്കാകും നീട്ടുന്നത്. അടുത്തിടെ സാമൂഹികക്ഷേമമന്ത്രി നാരായണ സ്വാമി ആനെക്കൽ, ഹീലലിഗെ, ഹുസ്‌കൂർ റെയിൽവേസ്റ്റേഷനുകൾ സന്ദർശിച്ചപ്പോൾ സബർബൻ റെയിൽപ്പാത നീട്ടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.
ബെംഗളൂരുവിലെ പൊതുഗതാഗതത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സബർബൻ റെയിൽപദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നീക്കങ്ങൾക്ക് പുതുവർഷത്തിൽ വേഗതകൈവന്നിട്ടുണ്ട്. പദ്ധതിയുടെഭാഗമായ കനക ലൈനിന്റെ സിവിൽജോലികൾക്കുള്ള കരാർ എൽ. ആൻഡ് ടി.ക്ക് കൈമാറിയിരുന്നു.
രണ്ടാംകോറിഡോറായ (മല്ലിഗെ ലൈൻ) ബൈയപ്പനഹള്ളി ടെർമിനൽ – ചിക്കബാനവാര പാതയിലേക്ക് 31 മീറ്റർനീളമുള്ള ഒറ്റ സ്പാൻ യു-ഗർഡർ ദേവനഹള്ളിയിലെ കാസ്റ്റിങ് യാർഡിൽ യാഥാർഥ്യമായിട്ടുണ്ട്. ഈ പാതയിൽ ഹെബ്ബാൾമുതൽ യെശ്വന്തപുരവരെ ഇത്തരത്തിലുള്ള യു ഗർഡറുകൾ ഉപയോഗിച്ച് എട്ടുകിലോമീറ്റർ എലവേറ്റഡ് പാതയാണ് നിർമിക്കുന്നത്. സബർബൻ റെയിൽപാതയുടെ ആകെദൂരം 148 കിലോമീറ്ററാണ്. ഇതിൽ 55.40 കിലോമീറ്റർ എലവേറ്റഡും 92.60 കിലോമീറ്റർ ഗ്രേഡും ആണ്. 40 മാസത്തിനകം പദ്ധതിപൂർത്തിയാക്കുമൊയിരുന്നു 2022 ജൂൺ 20-ന് പദ്ധതിക്ക് തറക്കല്ലിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. റെയിൽവേയുടെ 327 ഏക്കറും കർണാടക സർക്കാരിന്റെ 153 ഏക്കറും 103 ഏക്കർ സ്വകാര്യ സ്ഥലങ്ങളുമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.