Home Featured ‘ഗ്യാൻവാപി പള്ളി മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുനൽകണം’; പുതിയ ആവശ്യവുമായി വിഎച്ച്പി

‘ഗ്യാൻവാപി പള്ളി മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുനൽകണം’; പുതിയ ആവശ്യവുമായി വിഎച്ച്പി

by admin

ദില്ലി: വാരാണസിയിലെ ​ഗ്യാൻവ്യാപി പള്ളി മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.  വാരണാസിയിലെ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് എഎസ്ഐ സ്ഥിരീകരിച്ചെന്നും പള്ളി ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിഎച്ച്പി പറഞ്ഞു. മനോഹരമായ ക്ഷേത്രം തകർത്തതിന് ശേഷമാണ് പള്ളി നിർമിച്ചതെന്ന് എഎസ്ഐ പുറത്തുവിട്ട തെളിവുകളിൽ നിന്ന് വ്യക്തമാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പള്ളിയിൽ ക്ഷേത്ര ഘടനയുള്ള, പ്രത്യേകിച്ച് പടിഞ്ഞാറൻ മതിൽ, ഹിന്ദു ക്ഷേത്രത്തിൻ്റെ അവശേഷിക്കുന്ന ഭാഗമാണെന്നും തൂണുകളും പൈലസ്റ്ററുകളും ഉൾപ്പെടെ ക്ഷേത്രത്തിൻ്റെ ഭാഗങ്ങൾ പരിഷ്കരിച്ചതാണെന്നും റിപ്പോർട്ട് തെളിയിക്കുന്നു. വസുഖാനക്ക് ശിവലിം​ഗത്തിന്റെ ആകൃതിയാണെന്നത് അത് പള്ളിയല്ലെന്ന് തെളിയിക്കുന്നു. ജനാർദ്ദന, രുദ്ര, ഉമേശ്വര തുടങ്ങിയ പേരുകൾ ഈ നിർമിതിയിൽ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളിൽ നിന്ന് ഇത് ക്ഷേത്രമാണെന്നതിൻ്റെ തെളിവാണെന്നും അലോക് വർമ അവകാശപ്പെട്ടു.

1947 ഓഗസ്റ്റ് 15 ന് ആരാധനാലയത്തിൻ്റെ മതപരമായ ആചാരം നിലനിന്നിരുന്നുവെന്നും ഇതൊരു ഹിന്ദു ക്ഷേത്രമാണെന്നും എഎസ്ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നു, അലോക് കുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 4 പ്രകാരം, നിർമിതി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു. വസുഖാന പ്രദേശത്ത് കണ്ടെത്തിയ ശിവലിംഗത്തിന് സേവാപൂജ അർപ്പിക്കാൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും വിഎച്ച്പി അധ്യക്ഷൻ പറഞ്ഞു. ​

ഗ്യാൻവാപി മസ്ജിദ് മാന്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും കാശി വിശ്വനാഥൻ്റെ യഥാർത്ഥ സ്ഥലം ഹിന്ദു സൊസൈറ്റിക്ക് കൈമാറാനും അദ്ദേഹം ഇൻ്റസാമിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഭാരതത്തിലെ രണ്ട് പ്രമുഖ സമൂഹങ്ങൾക്കിടയിൽ സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കുന്നതുള്ള സുപ്രധാന ചുവടുവയ്പായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.

​ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള എഎസ്ഐ സർവേ റിപ്പോർട്ട് രണ്ട് ദിവസം മുമ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് വിഎച്ച്പി രം​ഗത്തെത്തിയത്. മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹിന്ദു വ്യവഹാരക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അവകാശപ്പെട്ടു. 

You may also like

error: Content is protected !!
Join Our WhatsApp Group