ഹൈദരാബാദ്: കമ്ബനിയുടെ രജതജൂബിലി ആഘോഷത്തിനിടെ സ്റ്റേജിലുണ്ടായ അപകടത്തില്‍ സ്വകാര്യ കമ്ബനി സിഇഒയ്ക്ക് ദാരുണാന്ത്യം.
വിസ്റ്റെക്സ് ഏഷ്യ-പസഫിക് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സഞ്ജയ് ഷായാണ് മരിച്ചത്. കമ്ബനിയുടെ പ്രസിഡന്റ് വിശ്വനാഥ് രാജു ദറ്റ്ലയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നടന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. 20 അടിയോളം ഉയരത്തില്‍നിന്ന് താഴേക്ക് പതിച്ചാണ് സഞ്ജയ് ഷായ്ക്ക് ജീവൻ നഷ്ടമായത്.
അപകടത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ആഘോഷ പരിപാടി നടന്ന സ്റ്റേജില്‍ 40-50 അടി ഉയരത്തില്‍നിന്ന് കമ്ബനി സിഇഒയേയും പ്രസിഡന്റിനേയും താഴേക്ക് എത്തിക്കുന്നതിനായി അലങ്കരിച്ച ഇരുമ്ബ് കൂട് തയ്യാറാക്കിയിരുന്നു. ഇതിന്റെ ഒരു വശത്തെ ചങ്ങല പൊട്ടി ഇരുവരും 20 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ സഞ്ജയ് ഷാ മരണപ്പെട്ടു. ദറ്റ്ലയുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
കമ്ബനിയിലെ ഒരു ഉദ്യോഗസ്ഥൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിലിം സിറ്റി ഇവന്റ് മാനേജ്മെന്റ് അധികൃതർക്കെതിരെ പോലീസ് കേസെടുത്തു.