ബംഗളൂരു: പുതു മോഡല്‍ വാഹനങ്ങള്‍ മത്സരിച്ച് നിരത്തില്‍ ഇറക്കുന്ന ബംഗളൂരു നഗരത്തില്‍ പഴഞ്ചൻ വണ്ടികളും ഇടം നേടി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാം നഗരമെന്ന ഖ്യാതിയുള്ള ഇവിടെ കഴിഞ്ഞ വര്‍ഷം പ്രതിമാസം ശരാശരി 13,000 കാറുകളും 29,000 ഇരുചക്രവാഹനങ്ങളും എത്തി. ശരാശരി പ്രതിമാസ വാഹന രജിസ്ട്രേഷൻ അര ലക്ഷവും കാര്‍ രജിസ്ട്രേഷൻ പതിനായിരവും കടന്നത് ഇതാദ്യം.
15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ഡല്‍ഹി നിരത്തുകളില്‍ അനുവദിക്കില്ല. എന്നാല്‍ കര്‍ണാടകയുടെ നയംമൂലം റെഡ് സിഗ്നല്‍ കാണിക്കേണ്ട വാഹനങ്ങള്‍ ഇപ്പോഴും നിരത്തുകളില്‍ പച്ചവെളിച്ചത്തില്‍ നിരങ്ങുകയാണ്. രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ് പോളിസി 2022 പ്രകാരം സംസ്ഥാനത്ത് 14.3 ലക്ഷം വാഹനങ്ങള്‍ കണ്ടം ചെയ്യേണ്ടതുണ്ട്.
15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാഹനങ്ങള്‍ സ്‌ക്രാപ് ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കാത്തതാണ് കാരണം. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ബംഗളൂരുവിലെ 33 ലക്ഷം വാഹനങ്ങള്‍ 15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ളവയാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുകളും (ആര്‍.സി) പുതുക്കുന്നിടത്തോളം ഈ വാഹനങ്ങള്‍ക്ക് നിരത്തിലോടാം.