ഗൂഡല്ലൂർ: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കളഴിയുകയായിരുന്ന പ്രതി ജയിൽ ചാടി. എന്നാൽ വൈകാതെ തന്നെ പ്രതിയെ സാഹസികമായി കീഴടക്കി താരമായിരിക്കുകയാണ് കോയമ്പത്തൂർ പോലീസ്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽനിന്ന് തടവുചാടിയ പോക്സോകേസ് പ്രതി ഓവേലി മുല്ലൈനഗറിലെ വിജയരത്നം സുബ്രഹ്മണ്യ(27)നെയാണ് പോലീസ് ജയിൽചാടിയതിന് പിന്നാലെ കീഴ്പ്പെടുത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ ജയിൽ ചാടിയത്. 2017-ൽ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. ജയിലിൽ തൊഴിലെടുക്കുന്നതിനിടെ പ്രതി ജയിൽചാടുകയായിരുന്നു. പിന്നാലെ ഇയാൾ ഓവേലിയിലെത്തി.
പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെ വെള്ളിയാഴ്ച രാത്രി വീടിനുസമീപത്തെ വനപ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു.അതേസമയം, പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ വീണ് പ്രതിയുടെ കാലൊടിഞ്ഞു. പിടികൂടുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിച്ചു. സിവിൽ പോലീസ് ഓഫീസർ മുത്തുമുരുകനാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൈയ്ക്കാണ് മുത്തുമുരുകന്റെ പരിക്ക്.