ബംഗളൂരു: നഗരത്തിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത് ചോദ്യം ചെയ്ത ഹൈകോടതി അഭിഭാഷകയെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി.
രാജ്ഭവൻ റോഡിലെ കാപിറ്റോള്‍ ഹോട്ടലിനെതിരെയാണ് കര്‍ണാടക ഹൈകോടതി അഭിഭാഷക ഷീല ദീപക് പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. യുവതി ഓര്‍ഡര്‍ ചെയ്ത പനീര്‍ ബട്ടര്‍ മസാലയില്‍ പാറ്റയെ കണ്ടെത്തിയതോടെ ഈ വിവരം ജീവനക്കാരെ അറിയിച്ചു. രണ്ടു വനിത ജീവനക്കാരികളും ഒരു പുരുഷ ജീവനക്കാരനുമാണ് ആ സമയം അവിടെയുണ്ടായിരുന്നത്. ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ കാര്യം അഭിഭാഷക ഫുഡ് ഇൻസ്പെക്ടറെ ഫോണില്‍ വിളിച്ചറിയിച്ചു. ഇതോടെ ജീവനക്കാര്‍ അടുക്കള വൃത്തിയാക്കാൻ ആരംഭിച്ചു. ഇൻസ്പെക്ടര്‍ വരുന്നതുവരെ അടുക്കള വൃത്തിയാക്കരുതെന്ന് ആവശ്യപ്പെട്ട അഭിഭാഷക, അടുക്കളയുടെ ദൃശ്യങ്ങളുടെ വിഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്താൻ ശ്രമിച്ചു.
ഇതോടെ ജീവനക്കാര്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി വിധാൻ സൗധ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 506, 341, 504, 353 അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.