ദുബായ്: അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പേരിലുള്ള ദുബായ് ഗ്ലോബ് സോക്കറിന്റെ 2023ലെ മറഡോണ പുരസ്‌കാരം അല്‍ നസ്‌റിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. 2023ല്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചത് കണക്കിലെടുത്താണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പര്‍താരം ഹാരി കെയ്‌നിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പുരസ്‌കാരം സ്വന്തമാക്കിയത്.
59 മത്സരങ്ങളില്‍ നിന്ന് 54 ഗോളുകളാണ് ക്രിസ്റ്റ്യാനോ കഴിഞ്ഞ വര്‍ഷം നേടിയത്. കിലിയന്‍ എംബാപ്പെ 53 മത്സരങ്ങളില്‍ നിന്ന് 52ഗോളുകളും ഹാരി കെയ്ന്‍ 57 മത്സരങ്ങളില്‍ നിന്ന് 52 ഗോളുകളും നേടി. ജനുവരി 19ന് ദുബായ് പാം ജുമൈറയില്‍ ദി അറ്റ്‌ലാന്‍ഡിസില്‍ അവാര്‍ഡ് കൈമാറും.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ച് തവണ നേടിയ 38കാരന്‍ 837 ഗോളുകളാണ് കരിയറില്‍ അടിച്ചുകൂട്ടിയത്. 2023ല്‍ അല്‍ നസറിനായി 50 മത്സരത്തില്‍ നിന്ന് 44 ഗോളുകളാണ് നേടിയത്. പോര്‍ചുഗലിനായി 10 ഗോളുകളും നേടി. അതേസമയം, സൗദി പ്രൊ ലീഗിലെ പ്ലയര്‍ ഓഫ് മന്ത്(ഡിസംബര്‍) പുരസ്‌കാരവും റൊണാള്‍ഡോ സ്വന്തമാക്കി.