ന്യൂഡല്‍ഹി: യാത്രക്കാരിക്ക് നല്കിയ സാൻഡ്വിച്ചില് പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈൻസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ആരോഗ്യമന്ത്രാലയം.ഡിസംബര്‍ 29 നാണ് ഡല്‍ഹി-മുംബൈ വിമാനത്തില്‍ ഇൻഡിഗോ വിമാനത്തില്‍ നിന്ന് യുവതിക്ക് നല്കിയ സാൻഡ്വിച്ചില് പുഴുവിനെ കണ്ടെത്തിയത്.
‘ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പോയ വിമാനത്തില്‍ നല്കിയ ഭക്ഷണവുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതായും പ്രോട്ടോക്കോള്‍ അനുസരിച്ച നോട്ടീസിന് മറുപടി നല്‍കുമെന്നും ഇൻഡിഗോ എയര്‍ലൈൻ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ കാര്യം പങ്കുവെച്ചത്.
സാൻഡ്വിച്ചില് പുഴുവിനെ കണ്ടെത്തിയ ഉടനെ വിമാനത്തിലെ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ അത് കാര്യമാക്കിയില്ല. മറ്റ് യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പടെ നല്‍കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. കുട്ടികള്‍ക്ക് പുറമെ പ്രായമായവരും വിമാനത്തിലുണ്ടായിരുന്നു. ആര്‍ക്കെങ്കിലും അണുബാധയുണ്ടായാല്‍ എന്തു ചെയ്യുമെന്നും യാത്രക്കാരി പറഞ്ഞിരുന്നു. യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷക്കും എയര്‍ലൈൻ മുൻഗണ നല്‍കണമെന്നും അവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ഇന്‍ഡിഗോ എയര്‍ലൈനിനെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തെയുമടക്കം ടാഗ് ചെയ്തുകൊണ്ടായിരുന്നു യുവതി പോസ്റ്റ് പങ്കുവെച്ചത്.
യുവതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ക്ഷമാപണവുമായി ഇൻഡിഗോ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും നടപടിയെടുക്കുമെന്നും ഇൻഡിഗോ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇൻഡിഗോക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.