ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിന് അഞ്ചിന പദ്ധതികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ച, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പരിശോധന വര്‍ദ്ധിപ്പിക്കുക, രോഗികളുടെ കൃത്യമായ ഐസൊലേഷന്‍, സമ്ബര്‍ക്കപ്പട്ടിക തയാറാക്കുക, ഒരു വര്‍ഷമായി കൊവിഡ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യസംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കുക, പൊതുജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തുക, വാക്സിനേഷന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നിവയാണ് നടപടികള്‍
കർണാടക ഉൾപ്പെടെ രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ 46 ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി. ആര്‍.ടി.പി.സി.ആര്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ 44 ശതമാനം ആളുകള്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണ് ഇത്. മഹാരാഷ്ട്രയില്‍ 36,902 പേര്‍ക്കാണ് രോഗം ബാധിച്ചത്. രാജ്യത്താകെ 4,52,647 പേരാണ് നിലവില്‍ രോഗം ബാധിച്ചത് ചികിത്സയിലുള്ളത്