ബെംഗളൂരു: കര്‍ണാടകയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായ 1200 കുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 347 ആണ്‍കുട്ടികളും 853 പെണ്‍കുട്ടികളും ഇപ്പോഴും കാണാമറയത്താണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
2018ല്‍ 325 ആണ്‍കുട്ടികളെയും 445 പെണ്‍കുട്ടികളെയും കാണാതായതായി സര്‍ക്കാറിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 23 ആണ്‍കുട്ടികളെയും 9 പെണ്‍കുട്ടികളും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. 2019ല്‍ കാണാതായ കുട്ടികളുടെ എണ്ണം വര്‍ധിച്ചു. 813 ആണ്‍കുട്ടികളെയും 1311 പെണ്‍കുട്ടികളെയുമാണ് 2019ല്‍ കാണാതായത്. ഇതില്‍ 49 ആണ്‍കുട്ടികളെയും 35 പെണ്‍കുട്ടികളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. 2020ല്‍ കാണാതായ 1557 കുട്ടികളില്‍ 58 പേരെക്കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 2021-ല്‍ 2118 കുട്ടികളെയാണ് കാണാതായത്. ഇതില്‍ 92 പേരെ ഇനിയും കണ്ടെത്താനുണ്ട്.
2022ലെയും 2023ലെയും കണക്കുകള്‍ പ്രകാരം 5144 കുട്ടികളെ കാണാതായതില്‍ 934 പേരെ കണ്ടെത്താനുണ്ട്. കര്‍ണാടകയില്‍ കണാതായവരില്‍ ഇപ്പോഴും കണ്ടെത്താനാവാത്ത കുട്ടികളുടെ എണ്ണം 1200നടുത്താണ്. പ്രശ്നം പരിഹരിക്കുന്നതിനായി നിര്‍ഭയ നിധി സംരംഭത്തിന് കീഴില്‍ കര്‍ണാടക സര്‍ക്കാര്‍ 35 മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കര്‍ണാടക ആഭ്യന്തര വകുപ്പ് ബസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് പ്രദേശങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് കുട്ടികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.