ബെംഗളൂരു : ബെംഗളൂരു നെലമംഗലഅഞ്ചേപാളയയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് മലയാളി മരിച്ചു.വയനാട് മേപ്പാടി സ്വദേശിയും ഷെട്ടിഹള്ളി നന്ദന ലേഔട്ടിലെ താമസക്കാരനുമായ അനിൽ കുമാർ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം.നെലമംഗലയിൽനിന്ന് ഷെട്ടിഹള്ളിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ഈ സമയത്ത് അനിൽ കുമാർ മാത്രമാണ് കാറിലുണ്ടായിരുന്നത്.തീപടരുന്നതുകണ്ട് മറ്റു വാഹനയാത്രക്കാരും സമീപവാസികളുമെത്തി കാറിന്റെ ചില്ലുതകർത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.നെലമംഗലയിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീയണച്ചത്.
അപ്പോഴേക്കും അനിൽകുമാർ മരിച്ചിരുന്നു. മൃതദേഹം നെലമംഗലയിലെ ആശുപത്രിയിലേക്കുമാറ്റി.തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിശദമായി പരിശോധിച്ചുവരുകയാണെന്നും നെലമംഗല പോലീസ് അറിയിച്ചു.ഷെട്ടിഹള്ളി അയ്യപ്പസേവാസംഘം ജോയന്റ് ഖജാൻജിയും സമന്വയ പ്രവർത്തകനുമാണ് അനിൽ കുമാർ. ഷെട്ടിഹള്ളിയിൽ കൃഷ്ണ പേപ്പർ പ്രൊഡക്ട്സ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ: രതിമക്കൾ: അരുൺ കൃഷ്‌ണ, അജയ് കൃഷ്ണ (ഇരുവരും വിദ്യാർഥികൾ)ശവസംസ്കാരം ബുധനാഴ്‌ച പീനിയ ശ്‌മശാനത്തിൽ.
ആരോഗ്യനില മോശമായി;നടൻ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രശസ്‌ത തെന്നിന്ത്യൻ സൂപ്പര്‍ താരവും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.മുൻപ് അനാരോഗ്യത്തെ തുടര്‍ന്ന് നവംബര്‍ 18നും അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരുന്നു.
ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ 11ഓടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങി.ചുമയും ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് അദ്ദേഹത്തിന് ആശുപത്രിവാസം വേണ്ടിവന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.ആശുപത്രിവാസത്തിന് ശേഷം ഡിസംബര്‍ 14ന് ഡിഎംഡികെയുടെ പൊതുയോഗത്തില്‍ നടൻ പങ്കെടുത്തു. ഈ യോഗത്തില്‍ വിജയകാന്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.