ബംഗളൂരു: മൈസൂരു ജില്ലയില്‍ പി.സി.പി.എൻ.ഡി.ടി ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന 82 അള്‍ട്രാ സൗണ്ട് സ്കാനിങ് സെന്ററുകള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് അയക്കാൻ ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര നിര്‍ദേശം നല്‍കി. 288 കേന്ദ്രങ്ങളുള്ള ജില്ലയില്‍ 232 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത സെന്ററുകള്‍ കണ്ടെത്തിയത്.
പ്രവര്‍ത്തനരഹിതമായി കണ്ട 25 സ്ഥാപനങ്ങളിലെ സ്കാനിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്യാനും നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ യോഗ്യതകള്‍ പ്രദര്‍ശിപ്പിക്കണം. ആയുര്‍വേദ ഡോക്ടര്‍മാര്‍ അലോപ്പതി ചികിത്സ നടത്തരുത്. മൂന്നുവര്‍ഷത്തിനിടെ മൈസൂരുവിലെ രണ്ട് ആശുപത്രികളില്‍ ആയിരത്തോളം അനധികൃത ഭ്രൂണഹത്യകള്‍ നടത്തിയെന്ന കേസ് സി.ഐ.ഡി അന്വേഷണത്തിലിരിക്കെ ഡി.സി വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗശേഷമാണ് നടപടി.
കാമുകനെ തീകൊളുത്തി കൊന്നു
ബംഗളൂരു: ജെ.പി നഗറില്‍ കാമുകനെ തീകൊളുത്തി കൊലപ്പെടുത്തി. ഹോംഗാര്‍ഡായി ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയാണ് കാമുകൻ സഞ്ജയിനെ തീകൊളുത്തിയത്.
മറ്റൊരാളുമായി യുവതിക്കുള്ള ബന്ധം ചോദ്യം ചെയ്തതാണ് യുവതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഗുരുതര പൊള്ളലേറ്റതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന സഞ്ജയ് വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ഇയാളുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.