ബംഗളൂരു: കര്‍ണാടകയില്‍ ഡിസംബര്‍ 15ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും എന്നാല്‍, ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
ബംഗളൂരു മല്ലികെ ആശുപത്രിയില്‍ ചാമരാജ്പേട്ട് സ്വദേശിയായ 64കാരനാണ് മരിച്ചത്. ഇദ്ദേഹം കോവിഡ് 19ന്റെ വകഭേദമായ ജെ.എൻ1 ബാധിതനായിരുന്നോ എന്നകാര്യം വ്യക്തമല്ല. കോവിഡ് സ്ഥിരീകരിച്ച രോഗിക്ക് ക്ഷയം, രക്തസമ്മര്‍ദം, ശ്വാസകോശ രോഗം തുടങ്ങിയവയുമുണ്ടായിരുന്നു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വരുംദിവസങ്ങളില്‍ സാഹചര്യം വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നത് കര്‍ണാടകയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1000ത്തിലേറെ ടെസ്റ്റുകളാണ് ദിനേന നടത്തുന്നത്. വരുംദിവസങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. ശനിയാഴ്ച 5,000 ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. വെന്റിലേറ്ററുകളുടെ ചെലവ് ഭീമമാണെന്നും ഇക്കാര്യത്തില്‍ കേരളത്തില്‍നിന്നുള്ള മന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നും കേന്ദ്രസര്‍ക്കാറിനോട് സഹായം തേടിയിട്ടുണ്ടെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഐസൊലേഷൻ സംവിധാനങ്ങള്‍ക്കായി നടപടി സ്വീകരിക്കാൻ ബി.ബി.എം.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. 60 വയസ്സ് പിന്നിട്ടവരും ഹൃദയസംബന്ധമായ അസുഖമുള്ളവരും വൃക്ക സംബന്ധമായ അസുഖമുള്ളവരും ശ്വാസംമുട്ടല്‍, പനി തുടങ്ങിയ അസുഖങ്ങളുള്ളവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിര്‍ദേശം.
വയോധികര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയതോടെ നിബന്ധന പാലിച്ച് പുറത്തിറങ്ങിയവര്‍. ശിവാജി നഗറില്‍നിന്നുള്ള ദൃശ്യം
മംഗളൂരുവില്‍ പ്രത്യേക കോവിഡ് കേന്ദ്രം
മംഗളൂരു: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മംഗളൂരു ഗവ.വെന്റ് ലോക് ആശുപത്രിയില്‍ പ്രത്യേക കേന്ദ്രം സജ്ജീകരിച്ചു. 19 കിടക്കകളുള്ള വാര്‍ഡ് കോവിഡ് ബാധിതകര്‍ക്കായി പ്രത്യേകം സജ്ജമാണ്. മറ്റൊരു വാര്‍ഡില്‍ ഏഴ് കിടക്കകളും മാറ്റിവെച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. തിമ്മയ്യ അറിയിച്ചു.
ആര്‍.ടി.പി.സി.ആര്‍ ലബോറട്ടറിയില്‍ മൈക്രോബയോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്. ദിനേന ശരാശരി 331 പരിശോധനകള്‍ നടക്കുന്നു. ബുധനാഴ്ച വൈകീട്ടുവരെ നടന്ന എല്ലാ പരിശോധന ഫലങ്ങളും നെഗറ്റിവ് ആണ്. ജില്ല, താലൂക്ക് തല ആരോഗ്യ ഓഫിസര്‍മാരുടെ യോഗം ബുധനാഴ്ച ചേര്‍ന്ന് ആവശ്യമായ മുൻകരുതലുകള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്തു. കിറ്റുകള്‍ താലൂക്ക് ആശുപത്രികളില്‍ എത്തിക്കാൻ നടപടിയായതായി ഡി.എം.ഒ പറഞ്ഞു.