Home Featured ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണകാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണകാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

by admin

ലോസ് ആഞ്ജലീസ്: ‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയുടെ മരണം വലിയ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 29ന് 54 വയസുകാരനായ താരത്തെ ലോസ് ആഞ്ജലീസിലെ വസതിയിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ, കൊലപാതകം തുടങ്ങിയ സാധ്യതകള്‍ പോലീസ് അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതായിരിക്കാമെന്ന നിഗമനത്തിലാണ് അന്ന് പോലീസ് എത്തിച്ചേര്‍ന്നത്. പക്ഷേ വ്യക്തമായ ഒരു റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച്‌ ധാരാളം ഊഹപോഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

വിഷാദ ചികിത്സയ്ക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന കെറ്റാമൈനിന്റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ഏഞ്ചല്‍സ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞത്. കെറ്റാമൈൻ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങിപ്പോയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്യത്തിനും വേദനസംഹാരികള്‍ക്കും മാത്യു അടിമയായിരുന്നു. ലഹരിയില്‍നിന്ന് മുക്തനാകാൻ അദ്ദേഹം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലഹരിയ്ക്ക് അടിമപ്പെട്ട കാലഘട്ടത്തില്‍ ഫ്രണ്ട്സില്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണില്‍ അഭിനയിച്ചതുപോലും ഓര്‍മയില്ലെന്നും മാത്യു ഒരിക്കല്‍ പറഞ്ഞിരുന്നു.

എൻ.ബി.സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്സില്‍ ‘ചാൻഡ്ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്.

1979 ല്‍ പുറത്തിറങ്ങിയ 240 റോബര്‍ട്ട് എന്ന സീരീസിലൂടെയാണ് വിനോദരംഗത്ത് മാത്യു അരങ്ങേറ്റം കുറിച്ചത്. ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇൻ, ദി വോള്‍ നയണ്‍ യാര്‍ഡ്സ്, 17 ഇയേഴ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group