ബംഗളൂരു: കര്‍ണാടകയില്‍ ബലിനല്‍കിയ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കാൻ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ദലിതര്‍. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആചാരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിന് പരാതി നല്‍കിയത്. ബലി നല്‍കിയ എരുമയുടേത് ഉള്‍പ്പടെയുള്ള ഇറച്ചി ഭക്ഷിക്കാൻ നിര്‍ബന്ധിക്കുന്നുവെന്നാണ് ദലിതരുടെ പരാതി.
മല്ലികാര്‍ജുൻ ക്രാന്തി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് ജില്ലാ പൊലീസ് കമീഷണര്‍ മുമ്ബാകെ പരാതി നല്‍കിയത്. ദേവികേര ഗ്രാമത്തിലെ മതാഘോഷത്തിന്റെ ഭാഗമായാണ് കന്നുകാലികളെ ബലിനല്‍കുന്നത്. ഇതിന്റെ മാംസം ഭക്ഷിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ഡിസംബര്‍ 18നാണ് കന്നുകാലികളെ ബലിനല്‍കുന്ന രണ്ട് ദിവസത്തെ ആഘോഷം തുടങ്ങുന്നത്. തുടര്‍ന്ന് 10ഓളം എരുമകളെ ബലിനല്‍കുകയും ഇതിന്റെ മാംസം ദലിതര്‍ക്ക് ഭക്ഷിക്കാനായി കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതിന് വിസമ്മതിക്കുന്നവരെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്നു.
സമീപ ഗ്രാമങ്ങളിലും ഇത്തരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നുണ്ടെന്നും കന്നുകാലികളെ ബലിനല്‍കുന്ന ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാൻ ഇടപെടണമെന്നും ദലിതര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.