Home Featured ‘ഏകാധിപത്യം അനുവദിക്കില്ല’; അപ്രതീക്ഷിത പ്രതിഷേധം, പുക മൂടി ലോക്‌സഭ; യുവതി അടക്കം നാലുപേര്‍ പിടിയില്‍

‘ഏകാധിപത്യം അനുവദിക്കില്ല’; അപ്രതീക്ഷിത പ്രതിഷേധം, പുക മൂടി ലോക്‌സഭ; യുവതി അടക്കം നാലുപേര്‍ പിടിയില്‍

by admin

ന്യൂഡല്‍ഹി: അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്‌സഭ നടുങ്ങി. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്.

അസ്വാഭാവിക സംഭവത്തില്‍ ഭയന്ന ചില എംപിമാര്‍ പുറത്തേക്കോടി. ലോക്‌സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ലോക്‌സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു പ്രതിഷേധം. ബിജെപിയുടെ രാജേന്ദ്ര അഗര്‍വാളായിരുന്നു ആ സമയത്ത് സഭ നിയന്ത്രിച്ചിരുന്നത്. പരിഭ്രാന്തിക്കിടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.

കളര്‍ സ്‌പ്രേയുമായി ഒരു യുവതി അടക്കം രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് പിടിയിലായത്. ഇവരെ ഭീകര വിരുദ്ധസേന അടക്കം ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പിന്നീട് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭയെ അറിയിച്ചു. ലോക്‌സഭയ്ക്ക് അകത്തു പ്രതിഷേധിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ പക്കലുണ്ടായിരുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.

അക്രമികളുടെ പാസില്‍ ഒപ്പിട്ടത് ബി.ജെ.പി എം.പി; നാലു പേര്‍ കസ്റ്റഡിയില്‍; കളര്‍ സ്മോക്ക് സ്പ്രേ ഒളിപ്പിച്ചത് ഷൂസില്‍

ന്യൂഡല്‍ഹി: സന്ദര്‍ശക പാസിലെത്തി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്‍ക്ക് പാസ് നല്‍കിയത് ബി.ജെ.പി എം.പി.

മൈസൂര്‍ കുടക് എം.പി പ്രതാപ് സിംഹ ഒപ്പിട്ട പാസാണ് അക്രമികള്‍ ഉപയോഗിച്ചത്. സാഗര്‍ ശര്‍മ എന്ന പേരിലാണ് പാസ് നല്‍കിയത്.

പാര്‍ലമെന്റിന് അകത്തു നിന്നും പുറത്തു നിന്നുമായി ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായതെന്നാണ് സൂചന. ഖാലിസ്താൻ വാദികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ലോക്സഭയില്‍ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവങ്ങള്‍ നടക്കുന്നത്.

സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് രണ്ടുപേര്‍ താഴേക്ക് ചാടുകയായിരുന്നു. ഭരണപക്ഷ എം.പിമാര്‍ ഇരിക്കുന്ന ഭാഗത്താണ് ചാടിയത്. സുരക്ഷ സേന ഉദ്യോഗസ്തരും എം.പിമാരും ചേര്‍ന്ന് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഷൂവിലൊളിപ്പിച്ച കളര്‍ സ്മോക്ക് സ്പ്രേ പൊട്ടിക്കുയായിരുന്നു. സഭാഹാളിലാകെ മഞ്ഞ നിറം പടര്‍ന്നതോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളായ രണ്ടുപേരെ പിടികൂടി. സഭ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും രണ്ടുമണിക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു.

ഇതിനിടെ പാര്‍ലമെൻറിന് പുറത്തും കളര്‍ബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അൻമോല്‍, നീലം എന്നീപേരുകളിലുള്ള രണ്ടുപേരാണ് പുറത്ത് നിന്ന് പിടിയിലായത്.

എന്നാല്‍, വൻ സുരക്ഷാപരിശോധന നിലനില്‍ക്കുന്ന പാര്‍ലമെൻറിന് അകത്തേക്ക് കളര്‍ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. പാര്‍ലമെൻറ് ആക്രമണ വാര്‍ഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group