ബെംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങി കർണാടക സർക്കാർ. ലോക് ഡൗണോ കർഫ്യൂവോ ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബി എസ് യെദിയൂരപ് അടച്ചിട്ട ഹാളുകളിലെ വിവാഹം, ജന്മദിനാഘോഷങ്ങൾ തുടങ്ങിയ പരിപാടികൾക്ക്
നിയന്ത്രണമേർപ്പെടുത്തുമെന്നും, ഇതോടൊപ്പം പ്രതിദിന പരിശോധന നിരക്കും വാക്സിനേഷന്റെ എണ്ണവും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞു. രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട്
സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പ്. പൊതു സ്ഥലങ്ങളിലെ പരിപാടികൾക്കും നിയന്ത്രണമേർപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻകരുതൽ നടപടികളുടെ ഭാഗമായി ബെംഗളൂരുവിൽ മൂന്ന് കോവിഡ് കെയർ സെന്ററുകൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷത്തിലെത്തിക്കുമെന്നും പ്രതിദിന കുത്തിവെപ്പ് മൂന്ന് ലക്ഷത്തിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുത്തിവെപ്പിനായി സംസ്ഥാനത്ത് 3500 വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ കോവിഡ് വ്യാപനം തടഞ്ഞു നിർത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് മുഖ്യമന്ത്രി യോഗത്തിൽ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു, കൽബുർഗി, ബീദർ എന്നി ജില്ലകളിൽ രോഗവ്യാപനം നിയന്ത്രിക്കാൻ വേണ്ട കരുതൽ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചതായി യെദിയൂരപ്പ പറഞ്ഞു.