പ്രകൃതി എന്തെല്ലാം അത്ഭുതങ്ങളും എത്ര മനോഹരമായ കാഴ്ചകളും നിറഞ്ഞതാണ് അല്ലേ? ഈ ഒരു ജന്മം കൊണ്ട് അതിൽ ഒരു ചെറിയ ഭാഗം പോലും കണ്ട് തീർക്കാൻ നമുക്ക് കഴിയില്ല എന്നതാണ് സത്യം. ഓരോ നാട്ടിലും കാണും ഓരോരോ മനോഹരമായ കാഴ്ചകൾ. അത് ചില മരങ്ങളാവാം, പുഴകളാവാം, കാടാവാം, മലയാവാം അങ്ങനെ എന്തുമാവാം. അതുപോലെ, ദക്ഷിണ കൊറിയയിലുമുണ്ട് ഒരു മനോഹരമായ കാഴ്ച. പ്രകൃതിയൊരുക്കിവച്ച ഈ സുന്ദരമായ സമ്മാനം ഒരു മരമാണ്.
ജിൻകോ എന്നാണ് ഈ മരത്തിന്റെ പേര്. ജിൻകോ മരങ്ങൾ ദക്ഷിണ കൊറിയയിൽ മാത്രമല്ല. ചൈനയടക്കം മറ്റ് നഗരങ്ങളിലും ഈ മരങ്ങൾ കാണാം. എന്നാൽ, ദക്ഷിണ കൊറിയയിലെ ജിൻകോ മരത്തിന്റെ പ്രത്യേകത അതിന് 800 വർഷം പഴക്കമുണ്ട് എന്നതാണ്. അതിമനോഹരവും പഴക്കമേറിയതുമായ ഈ മരം കാണാൻ അനവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്. ഒരുപക്ഷേ, രാജ്യത്ത് ഏറ്റവും അധികം ആളുകൾ സന്ദർശിച്ച മരവും ഇത് തന്നെയായിരിക്കും.
സൗത്ത് കൊറിയൻ വെബ്‍സൈറ്റുകൾ പറയുന്നത് പ്രകാരം ഈ മരം രാജ്യത്തെ ദേശീയ സ്മാരകങ്ങളിൽ ഒന്നായി പോലും കണക്കാക്കപ്പെടുന്നു. 800 വർഷം പഴക്കമുള്ള ഈ വോഞ്ജു ബംഗ്യേ-റി ജിൻകോ മരം ഏകദേശം 17 മീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്നു. ഇതിന്റെ ഇലകൾക്ക് മുഴുവനും മഞ്ഞനിറമാകുമ്പോൾ ഇതുപോലെ മനോഹരമായ ഒരു കാഴ്ച വേറെയില്ല എന്ന് തോന്നും. സോഷ്യൽ മീഡിയ പലപ്പോഴും ഈ മരത്തെ ലോകത്തിലെ ഏറ്റവും സുന്ദരമായ മരം എന്ന് വിളിക്കാറുണ്ട്. ഓരോ ദിവസവും അനേകം പേരാണ് ഈ മരം കാണാൻ വേണ്ടി മാത്രം ഇവിടെ എത്തിച്ചേരുന്നത്.