ബംഗളൂരു: കര്‍ണാടകയില്‍ സ്കൂളില്‍ പോകാതിരിക്കാന്‍ വിദ്യാര്‍ഥി സ്വീകരിച്ച വേറിട്ട മാര്‍ഗം അറിഞ്ഞ് ഞെട്ടി പൊലീസ്. സ്കൂളിന് അവധി പ്രഖ്യാപിക്കുന്നതിന് ഒന്‍പതാം ക്ലാസുകാരന് കുടിവെള്ള കാനില്‍ എലി വിഷം കലര്‍ത്തുകയായിരുന്നു. ഇതറിയാതെ വെള്ളം കുടിച്ച മൂന്ന് വിദ്യാര്‍ഥികള്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ, നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരന് പിടിയിലായത്.
കോലാര്‍ മൊറാജി ദേശായി റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനോട് ചേര്‍ന്ന് വച്ചിരുന്ന കുടിവെള്ള കാനിലാണ് ഒന്‍പതാം ക്ലാസുകാരന് എലി വിഷം കലര്‍ത്തിയത്. സാധാരണയായി വിദ്യാര്‍ഥികള്‍ അവിടെ പോയി വെള്ളം കുടിക്കാറില്ല. ദൗര്‍ഭാഗ്യവശാല്‍ മൂന്ന് കുട്ടികള്‍ അവിടെ നിന്ന് വെള്ളം കുടിച്ചതോടെയാണ് അവശനിലയിലായത്. സംഭവദിവസം ഒന്‍പതാം ക്ലാസുകാരന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പരിസരത്ത് കറങ്ങി നടന്നിരുന്നതായി ചില ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്പില് ഹാജരാക്കിയ കുട്ടിയെ കൗണ്‍സിലിങ്ങിന് അയച്ചു.
കുറച്ചുദിവസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കുട്ടി വീട്ടില്‍ നിന്ന് സ്കൂളില്‍ തിരിച്ചെത്തിയത്. അപ്രതീക്ഷിത സംഭവങ്ങള്‍ വല്ലതും ഉണ്ടായാല്‍ സ്കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് കരുതിയാണ് കുട്ടി കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു. അവധി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ വീട്ടിലേക്ക് പോകാമല്ലോ എന്ന് കരുതിയാണ് കുട്ടി കുടിവെള്ള കാനില്‍ എലിവിഷം കലര്‍ത്തിയതെന്ന് എസ്പി കെ എം ശാന്തരാജു പറഞ്ഞു.
സ്കൂളില്‍ നിന്ന് പഠിക്കുന്നത് കുട്ടിക്ക് ഇഷ്ടമായിരുന്നില്ല. വീട്ടുകാര്‍ക്കൊപ്പം നില്‍ക്കാനാണ് കുട്ടി ഇഷ്ടപ്പെട്ടിരുന്നത്. വീട്ടില്‍ നിന്ന് ദിവസേന സ്കൂളില്‍ പോകാനാണ് കുട്ടി ആഗ്രഹിച്ചിരുന്നത്. അതിനാല്‍ വീട്ടില്‍ നില്ക്കാന് വേണ്ടിയാണ് കുട്ടി കടുംകൈ ചെയ്തതെന്നും ശാന്തരാജു പറയുന്നു.
കുഞ്ഞുങ്ങളെ കടത്തി വില്‍ക്കുന്ന സംഘം ബംഗളൂരുവില്‍ പിടിയില്‍
ബംഗളൂരു: തമിഴ്നാട്ടില്‍ നിന്ന് കുഞ്ഞുങ്ങളെ കടത്തി ബംഗളൂരുവിലെത്തിച്ച് വില്‍ക്കുന്ന സംഘത്തെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്ന് 20 വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തി.
20 ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രതികള്‍ തമിഴ്നാട്ടില്‍ നിന്നാണ് കടത്തിയത്. ബംഗളൂരു രാജരാജേശ്വരി നഗറിലെ ദമ്ബതികള്‍ക്ക് വില്‍ക്കാനായാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ച ക്രൈം ബ്രാഞ്ച് പ്രതികളെ പിടികൂടാനായി സ്ഥലത്തെത്തി. പൊലീസിനെ കണ്ടതും കാറില്‍ കടന്നുകളയാൻ ശ്രമിച്ച സംഘത്തെ സാഹസികമായി പിന്തുടര്ന്നാണ് പിടികൂടിയത്.
സ്ത്രീയാണ് സംഘത്തിന്റെ നേതാവെന്നും തന്റെ മൂന്ന് കുഞ്ഞുങ്ങളെയും ഇവര്‍ ഇത്തരത്തില്‍ വിറ്റിട്ടുണ്ടെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് കുഞ്ഞുങ്ങളെ എത്തിച്ച് ബംഗളൂരുവില്‍ വില്‍ക്കുകയാണ് പ്രതികളുടെ പ്രവര്ത്തനരീതിയെന്ന് കമീഷണര്‍ വിശദീകരിച്ചു.
വന്ധ്യതാ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന ദമ്ബതികളെ സംഘം ബന്ധപ്പെടും. 10 ലക്ഷം രൂപ തന്നാല്‍ കുഞ്ഞിനെ എത്തിച്ചുതരാമെന്ന് വാഗ്ദാനം ചെയ്യും. തുടര്‍ന്ന് തമിഴ്നാട്ടിലെത്തി കുഞ്ഞിനെ സംഘടിപ്പിക്കും. സാമ്ബത്തിക പ്രയാസം ഉള്‍പ്പെടെ പല കാരണങ്ങളാല്‍ ഗര്‍ഭം അലസിപ്പിക്കാൻ നോക്കുന്നവരെയും, ജനിച്ച കുഞ്ഞിനെ വളര്‍ത്താൻ പ്രയാസപ്പെടുന്നവരെയുമാണ് ഇവര്‍ സമീപിക്കുക. ഇവരില്‍ നിന്ന് വിലപറഞ്ഞ് കുഞ്ഞിനെ വാങ്ങി ബംഗളൂരുവിലേക്ക് കൊണ്ടുവരും. ആശുപത്രികളില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.
പത്തോളം കുഞ്ഞുങ്ങളെ സംഘം പലര്‍ക്കായി കൈമാറിയിട്ടുണ്ട്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റും നിയമനടപടികള്‍ ഒഴിവാക്കാനുള്ള മറ്റ് സര്‍ട്ടിഫിക്കറ്റുകളുമെല്ലാം സംഘം തന്നെ നിര്‍മിച്ചു നല്‍കുമെന്നും കമീഷണര്‍ പറഞ്ഞു.
തമിഴ്നാട്ടിലെ ചില ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു.