Home Featured ആഡംബര സൗകര്യങ്ങള്‍; വന്ദേഭാരത് യാത്ര ഇനി സൂപ്പര്‍ ക്ലാസാകും

ആഡംബര സൗകര്യങ്ങള്‍; വന്ദേഭാരത് യാത്ര ഇനി സൂപ്പര്‍ ക്ലാസാകും

by admin

ചെന്നൈ: ദക്ഷിണ റെയില്‍വേയിലെ ആറ് ജോഡി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (വൈഎസ്‌എ) ആരംഭിക്കുമെന്ന് റെയില്‍വേ പ്രഖ്യാപനം. ട്രെയിനുകളിലെ യാത്രാനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ട്രെയിന്‍ യാത്രക്കിടെ മികച്ച നിലവാരത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ ഉറപ്പാക്കുക, സഹായ സേവനങ്ങള്‍, ഓണ്‍ ബോര്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് തുടങ്ങിയ അധിക മൂല്യവര്‍ധിത സേവനങ്ങള്‍ക്കൊപ്പം യാത്രാസുഖം വര്‍ദ്ധിപ്പിക്കുകയാണ് പൈലറ്റ് പദ്ധതിയുടെ ലക്ഷ്യം.

പുതിയ പദ്ധതിയില്‍ യാത്രക്കാര്‍ക്ക് സ്റ്റേഷനുകളില്‍ ക്യാബ് അറൈവല്‍/ഡിപ്പാര്‍ച്ചര്‍, വീല്‍ചെയര്‍, ബഗ്ഗി ഡ്രൈവ് അസിസ്റ്റന്‍സ് തുടങ്ങിയ സഹായസേവനങ്ങള്‍ നല്‍കും. ഡാറ്റാ സംരക്ഷണം, പ്രക്ഷേപണം, ബൗദ്ധിക സ്വത്തവകാശം മുതലായവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് അനുസൃതമായി ഗുണനിലവാരമുള്ള ഉള്ളടക്കത്തിന്റെ തടസങ്ങളില്ലാത്ത സംപ്രേക്ഷണം ഓണ്‍ ബോര്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉറപ്പാക്കും.

ഓണ്‍ബോര്‍ഡ് ശുചിത്വത്തിനും റെയില്‍വേ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. വൈഎസ്‌എ നടപ്പിലാക്കുന്നതിനായി കാറ്ററിങ്, ഹൗസ് കീപ്പിങ് മുതലായവയില്‍ പരിചയസമ്ബന്നരെയും മികച്ച സേവനങ്ങള്‍ നല്‍കുന്നവരെയും നിയോഗിക്കും. ഓരോ കോച്ചിലും ഹൗസ് കീപ്പിങിനായി ഒരാളെ നിയമിക്കും.

മികച്ച നിലവാരത്തിലും വൈവിധ്യം നിറഞ്ഞതയുമായ ഫുഡ് മെനുവാണ് മറ്റൊരു പ്രത്യേകത. ന്യായമായ നിരക്കില്‍ പ്രീ പെയ്ഡ് ഓണ്‍ ബോര്‍ഡ് ഡെലിവറിയും ലാ കാര്‍ട്ടെ സേവനങ്ങളും ലഭ്യമാക്കും. സിസിടിവി, ക്യുആര്‍ കോഡുള്ള ഫുഡ് പായ്ക്കുകള്‍ എന്നിവയുള്ള ഐഎസ്‌ഒ സര്‍ട്ടിഫൈഡ് ബേസ് കിച്ചണുകളില്‍ നിന്നായിരിക്കും ഭക്ഷണം തയാറാക്കുക. ട്രെയിനില്‍ ഓര്‍ഡര്‍ ചെയ്യുന്നതിനു പുറമേ, യാത്രക്കാര്‍ക്കു ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്രി സേവ ആപ്പ് വഴിയോ പ്രീപെയ്ഡ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

സേവനങ്ങള്‍ മികച്ചതാക്കാന്‍ വൈഎസ്‌എ മാനേജര്‍ ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരിയായിരിക്കണം എന്ന നിര്‍ദ്ദേശവുമുണ്ട്. കൂടാതെ, ഭക്ഷണ പാനീയ സേവനങ്ങള്‍ക്കായി നിയമിക്കുന്ന ആളുകളില്‍ കുറഞ്ഞത് ഒരാളെങ്കിലും ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്മെന്റ്, കാറ്ററിങ്ങ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദമോ ഡിപ്ലോമയോ നേടിയവരാകണം.

You may also like

error: Content is protected !!
Join Our WhatsApp Group