Home Featured നിയമം ലംഘിച്ചെന്ന് ഇഡി, ‘ഞാനൊന്നും അറിഞ്ഞില്ലെന്ന്’ ബൈജു

നിയമം ലംഘിച്ചെന്ന് ഇഡി, ‘ഞാനൊന്നും അറിഞ്ഞില്ലെന്ന്’ ബൈജു

by admin

വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചതിന് 9,000 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എജ്യൂടെക് കമ്പനിയായ ബൈജൂസിന് നോട്ടീസ് അയച്ചു. 2011 നും 2023 നും ഇടയിൽ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ബൈജൂസിന് ലഭിച്ചു. ഇതേ കാലയളവിൽ വിദേശത്തേക്ക് നേരിട്ടുള്ള നിക്ഷേപമെന്ന പേരിൽ ഏകദേശം 9,754 കോടി രൂപ  ബൈജൂസ് അയച്ചെന്നും ഇ.ഡി ആരോപിച്ചു.അതേ സമയം ഫെമ നിയമ ലംഘനം നടത്തിയിട്ടില്ലെന്നും ഇ.ഡിയിൽ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ബൈജൂസ് വ്യക്തമാക്കി. 

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഈ വർഷം ഏപ്രിൽ 29 ന് ബൈജൂസുമായി ബന്ധപ്പെട്ട  മൂന്ന് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് 2020-21 സാമ്പത്തിക വർഷം മുതൽ കണക്കുകൾ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും ഇത് നിർബന്ധമാണെന്നും ഇഡി പറഞ്ഞു. അതിനാൽ, കമ്പനി നൽകിയ കണക്കുകളുടെ വിശദമായ പരിശോധന നടക്കുകയാണ്.

സ്വകാര്യ വ്യക്തികൾ നൽകിയ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ബൈജൂസ് ഉടമയായ ബൈജു രവീന്ദ്രന് നിരവധി തവണ സമൻസ് അയച്ചിരുന്നെങ്കിലും ഇഡിക്ക് മുന്നിൽ ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും കേന്ദ്ര ഏജൻസി ആരോപിച്ചു. ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി വലിയ തോതിലുള്ള വിദേശ നിക്ഷേപം പലപ്പോഴായി നേടിയിരുന്നു. ഏതാണ്ട് 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളർന്ന ബൈജൂസിന്റെ തകർച്ച വളരെ പെട്ടെന്നായിരുന്നു. കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് നിന്ന് വായ്പ എടുക്കേണ്ട സ്ഥിതിയുമുണ്ടായി. കമ്പനിയുടെ തലപ്പത്ത് നിന്ന് പലരും രാജിവച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇതിനിടെയാണ് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group