ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കോട്ടയം പാമ്ബാടിയിലെ ബാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വിനോദിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 യോടെ വിനോദിനെ കാറിനകത്ത് അബോധാവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടത്. ഉച്ചയ്ക്ക് 2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ വിനോദ് ഇരുന്നെന്നാണ് വ്യക്തമാകുന്നത്. മണിക്കൂറുകളോളം കാണാതെ വന്നതോടെയുള്ള അന്വേഷണത്തിനൊടുവിലാണ് വിനോദിനെ കാറിനകത്ത് ഹോട്ടല്‍ ജീവനക്കാര്‍ കണ്ടെത്തിയത്.തട്ടി വിളിച്ചിട്ടും വിനോദ് കാര്‍ തുറന്നില്ല.
ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം മറ്റുള്ളവരെയും അറിയിച്ചു. ഒടുവില്‍ സ്ഥലത്തെത്തിയവര്‍ കാറിന്റെ ചില്ല് പൊട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന വിനോദിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. സ്റ്റാര്‍ട്ടാക്കിയ കാറില്‍ പ്രവര്‍ത്തിച്ചിരുന്ന എ സിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്.
തുടര്‍ച്ചയായി കാറിനുള്ളിലെ എസി പ്രവര്‍ത്തിച്ചതിന് തുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പാമ്ബാടി പൊലീസ് അറിയിച്ചു. വിനോദ് തോമസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളേജിലാകും പോസ്റ്റുമോര്‍ട്ടം.
നിരവധി ഷോര്‍ട് ഫിലിമില്‍ അഭിനയിച്ച വിനോദ് അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങി ഒട്ടനവധി സിനിമകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഥാപാത്രം വലുതോ ചെറുതോ ആയിക്കോട്ടെ സ്കോര്‍ ചെയ്ത് പ്രേക്ഷക മനസിലിടം നേടാന്‍ വിനോദിന് സാധിച്ചിരുന്നു.ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ആമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കോട്ടയം മീനടം സ്വദേശിയാണ് വിനോദ്.
അയ്യപ്പനും കോശിയും സിനിമയില്‍ വീട് പണിക്കായി കാട്ടില്‍ കയറി പാറ പൊട്ടിച്ച സെബാസ്റ്റ്യന്‍ എന്ന കഥാപാത്രമായി ഏവരെയും ചിരിപ്പിച്ച വിനോദിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴികള്‍ ഇല്ലാത്ത ഭൂമി, ചില സാങ്കേതിക കാരണങ്ങളാല്‍ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട ഷോര്‍ട് ഫിലിമുകളില്‍ വിനോദ് ഭാഗമായിട്ടുണ്ട്. മലയാളത്തിലെ ആദ്യ വെബ് സീരീസ് ആയ കേരള െ്രെകം ഫയലില്‍ പ്രധാന കഥാപാത്രത്തെ വിനോദ് അവതരിപ്പിച്ചിരുന്നു. നടന് വിനോദ് തോമസിന്റെ വിയോഗത്തിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജല അര്‍പ്പിച്ച് എത്തിയിരുന്നത്.