ബെംഗളൂരു: സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന് കിട്ടാനുള്ള തുകയ്ക്കുവേണ്ടി മകൻ പതിറ്റാണ്ടുകളോളം നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടം. മരിച്ചുപോയ അച്ഛൻ ടി.കെ.ശേഷാദ്രി അയ്യങ്കാര്‍ക്ക് ഒടുവില്‍ മകനായ ടി.എസ്. രാജന്റെ വിജയത്തിലൂടെ നീതി…
കര്‍ണാടക ഹൈക്കോടതിയാണ് കഴിഞ്ഞദിവസം ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. വില്ലേജ് ഓഫീസറായിരുന്ന അയ്യങ്കാര്‍ക്ക് 1979 മുതല്‍ 1990 വരെയുള്ള പ്രത്യേക അലവൻസ് കുടിശ്ശിക നല്‍കണമെന്നാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കുടിശ്ശികയുള്ള 37000 രൂപ ലഭിക്കാനായുള്ള നിയമപോരാട്ടത്തിലായിരുന്നു മകനായ രാജൻ.
”ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന ജീവിതങ്ങളുടെ ഉദാഹരണമാണ് ഈ വില്ലേജ് ഓഫീസര്‍. ന്യാനമായ ആനുകൂല്യം ലഭിക്കാതെ അദ്ദേഹം മരിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ മകൻ അച്ഛന്റെ അവകാശത്തിനുവേണ്ടിയുള്ള നിയമ പോരാട്ടം തുടര്‍ന്നു. അയ്യങ്കാര്‍ക്ക് പ്രത്യേക അലവൻസ് ലഭിക്കാൻ അര്‍ഹതയില്ലെന്ന ഭരണകൂടനിലപാട് ദൗര്‍ഭാഗ്യകരമാണ്”- ജസ്റ്റിസുമാരായ പി.എസ്.ദിനേശ് കുമാര്‍, ശിവശങ്കരെ ഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിലെ രാജാജിനഗര്‍ സ്വദേശികളാണ് രാജനും പിതാവ് ശേഷാദ്രി അയ്യങ്കാരും. രാജന് ഇപ്പോള്‍ 88 വയസായി. ചിക്കമംഗളൂരു ജില്ലയില്‍ കടൂര്‍ താലൂക്കിലെ തങ്ങാലി വില്ലേജില്‍ പട്ടേല്‍ (വില്ലേജ് ഓഫീസര്‍) തസ്തികയിലായിരുന്നു അയ്യങ്കാര്‍ ജോലി ചെയ്തിരുന്നത്.
1997ല്‍, പ്രത്യേക അലവൻസ് വേണമെന്നാവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് പട്ടേല്‍ സംഘം കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതിമാസം 100 രൂപ നിരക്കില്‍ 1979 മുതല്‍ 1990 വരെയുള്ള കാലയളിവിലെ അലവൻസ് തുക നല്‍കാൻ കോടതി ഉത്തരവിട്ടു. അയ്യങ്കാരും കോടതിവിധിയുടെ ഗുണഭോക്താക്കളില്‍ ഒരാളായിരുന്നു.
എന്നാല്‍, നിരവധി അപേക്ഷകളും നിവേദനങ്ങളും അയ്യങ്കാര്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ അലവൻസ് അനുവദിച്ചില്ല. പിതാവിന്റെ മരണശേഷം കടൂര്‍ തഹസില്‍ദാര്‍ക്ക് രാജൻ അപേക്ഷ നല്‍കിയെങ്കിലും 2017ല്‍ ഇത് നിരസിച്ചു. തുടര്‍ന്ന് കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. പിന്നീടാണ് റിട്ട് ഹര്‍ജിയുമായി രാജൻ ഹൈക്കോടതിയിലെത്തിയത്.
1979-90 കാലയളിലെ കുടിശ്ശിക തുക പ്രതിമാസം 100 രൂപ നിരക്കില്‍ നല്‍കണമെന്ന് പറഞ്ഞ ഹൈക്കോടതി, 1990 മുതല്‍ 94 വരെയുള്ള അലവൻസും കുടിശ്ശികയും പ്രതിമാസം 500 രൂപ നിരക്കില്‍ അനുവദിക്കാനും ഉത്തരവിട്ടു. തീയതികളുടെ അടിസ്ഥാനത്തില്‍ 10 ശതമാനം പരിശയടക്കം മൂന്നുമാസത്തിനകം തുക നല്‍കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.