Home Featured റണ്‍വേയില്‍ തെരുവുനായ; 180 യാത്രക്കാരുമായി വിമാനം ബംഗളരൂവിലേക്ക് തിരികെ പറന്നു

റണ്‍വേയില്‍ തെരുവുനായ; 180 യാത്രക്കാരുമായി വിമാനം ബംഗളരൂവിലേക്ക് തിരികെ പറന്നു

by admin

പനാജി: റണ്‍വേയില്‍ തെരുവുനായയെ കണ്ടതിനെ തുടര്‍ന്ന് വിസ്താര വിമാനം ഗോവയിലെ വിമാനത്താവളത്തില്‍ ഇറക്കാതെ ബംഗളൂരുവിലേക്ക് തിരികെ പറന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നായയെ കണ്ടതിനെ തുടര്‍ന്ന് പൈലറ്റിനോട് ഉടന്‍ ലാന്‍ഡ് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന്‌ പൈലറ്റ് വിമാനം ബംഗളരൂവിലേക്ക് തിരികെ പറത്തുകയായിരുന്നു.

ബംഗളൂരുവില്‍ നിന്ന് ദബോലിം വിമാനത്താവളത്തിലേക്ക് സാധാരണ സമയം ഒരു മണിക്കൂര്‍ 20 മിനിറ്റാണ്. അതേസമയത്തിനുള്ളില്‍ പൈലറ്റ് യാത്രക്കാരെ ഗോവ വിമാനത്താവളത്തില്‍ എത്തിച്ചെങ്കിലും റണ്‍വേയില്‍ നായയെ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരികെ പറത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് കയറിയ യാത്രക്കാര്‍ എത്തിയത് അഞ്ച് മണിക്കൂറും അഞ്ച് മിനിറ്റും കഴിഞ്ഞ ശേഷമാണ്. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇന്നലെ ഉച്ചക്ക് 12.55ന് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട വിമാനം മൂന്ന് മണിയോടെ തിരിച്ചെത്തിയതായും തുടര്‍ന്ന് വൈകീട്ട് 4.55ന് പുറപ്പെട്ട വിമാനം വൈകീട്ട് 6.15ന് ഗോവയിലെത്തിയതായും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഗോവ വിമാനത്താവളത്തിലെ റണ്‍വേ നിയന്ത്രണത്തെ തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നതെന്നായിരുന്നു എയര്‍ലൈന്‍സ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമാണെന്നും എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group