വമ്ബൻ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ കോടികളുടെ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലാണ് കോടികളുടെ നിക്ഷേപ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 40000 കോടിയുടെ നിക്ഷേപമാണ് നടത്തുക. നോളജ്, ഹെല്‍ത്ത് കെയര്‍, ഇന്നവേഷൻ റിസര്‍ച്ച് സിറ്റി അഥവാ കെ.എച്ച്.ഐ.ആര്‍ സിറ്റിക്കാണ് ഇതിന്റെ ആസൂത്രണം. ഏകദേശം 80000-ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കുക.
കെ.എച്ച്.ഐ.ആര്‍ സിറ്റിയില്‍ വരുന്ന സംരംഭങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും, ആഗോളതലത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാനും, സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് സംഭാവന നല്‍കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ജിഡിപിയിലേക്ക് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം കോടി രൂപയെങ്കിലും സംഭാവന നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.