ബെംഗളൂരു: കൊതുകുകളിൽ സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചിക്കബെല്ലാപുരയിലെ തലകായബെട്ടയിൽനിന്ന് ശേഖരിച്ച 27 സാംപിളുകൾ നെഗറ്റീവ്. ഇതോടെ പ്രദേശത്ത് നിലനിന്ന ആശങ്കയ്ക്ക് ഒരുപരിധിവരെ അറുതിയായി. ഇനി 21 സാംപിളുകളുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരാഴ്ച മുമ്പാണ് അധികൃതർ ഗർഭിണികളുടെയും പനിബാധിതരുടെയും 48 സാംപിളുകൾ ശേഖരിച്ച് ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചത്.കഴിഞ്ഞമാസമാണ് പതിവുപരിശോധനകൾക്കിടെ തലകായബെട്ടയിലെ കൊതുകുകളിൽ സിക വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
തുടർന്ന് പ്രദേശത്ത് ആരോഗ്യപ്രവർത്തകർ പ്രത്യേക പരിശോധനാ ക്യാമ്പുകളും കൊതുകു നശീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. മനുഷ്യരിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ലെങ്കിലും അതിജാഗ്രതയിലായിരുന്നു ആരോഗ്യവകുപ്പ്.മൂന്നുദിവസത്തിനുള്ളിൽ ബാക്കിയുള്ള പരിശോധനാഫലങ്ങൾ കൂടിവരുമെന്ന് അധികൃതർ അറിയിച്ചു. ഈ ഫലങ്ങൾ നെഗറ്റീവായാലും പ്രദേശത്ത് നിലവിലുള്ള പരിശോധനകൾ തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
തെലുങ്കാനയിലേക്ക് കര്‍ണാടകയില്‍നിന്നു കോണ്‍ഗ്രസിന്റെ വൻ പട
തെലുങ്കാനയില്‍ അധികാരത്തിലെത്താൻ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസ് കര്‍ണാടകയില്‍നിന്നു രംഗത്തിറക്കിയിരിക്കുന്നതു വൻ പാര്‍ട്ടിപ്പടയെ.കര്‍ണാടകയിലെ പത്തു മന്ത്രിമാരും 48 മുതിര്‍ന്ന നേതാക്കളുമാണു തെലുങ്കാനയില്‍ പ്രചാരണത്തിനെത്തിയിരിക്കുന്നത്. എഐസിസി ക്ലസ്റ്റര്‍ ഇൻ ചാര്ജുമാരായാണ് 10 മന്ത്രിമാരെ നിയോഗിച്ചിരിക്കുന്നത്. എംഎല്‍എമാരും എംഎല്‍സിമാരും അടക്കമുള്ള നേതാക്കളെ എഐസിസി മണ്ഡലം നിരീക്ഷകരായും നിയമിച്ചിട്ടുണ്ട്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ എന്നിവരാണു പ്രചാരണത്തിനു നേതൃത്വം നല്‍കുന്നത്. ബിആര്‍എസ് ബിജെപിയുടെ ബി ടീം ആണെന്ന് ഇന്നലെ തെലുങ്കാനയിലെ കാമറെഡ്ഢിയില്‍ ഇന്നലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു മത്സരിക്കുന്ന മണ്ഡലമാണു കാമറെഡ്ഢി.
കര്‍ണാടക മന്ത്രിമാര്‍ കൂട്ടത്തോടെ തെലുങ്കാനയില്‍ പ്രചാരണത്തിനിറങ്ങിയതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തെി. കര്‍ണാടകം വരള്‍ച്ച നേരിടുന്പോള്‍ മന്ത്രിപ്പട തെലുങ്കാനയില്‍ പ്രചാരണം നടത്തുകയാണെന്നു ബിജെപി കുറ്റപ്പെടുത്തി.