ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ടീമുകള്‍ക്ക് സുരക്ഷാ ഭീഷണിയായി ബെംഗളൂരുവില്‍ സ്ഫോടനം എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. പാക് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് ബെംഗളൂരു നഗരത്തില്‍ സ്ഫോടനമുണ്ടായതായും ഇത് പാകിസ്ഥാന് അടക്കമുള്ള ടീമുകള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായും ട്വീറ്റ് ചെയ്തത്. വെള്ളിയാഴ്ച (ഒക്ടോബര്‍ 20) ബെംഗളൂരുവില്‍ ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാന് മത്സരമുണ്ട്. ഈ പശ്ചാത്തലത്തില്‍ വ്യാജ പ്രചാരണത്തിന്റെ വസ്തുത എന്താണ് എന്ന് വിശദമായി പരിശോധിക്കാം.
‘ബെംഗളൂരുവില്‍ (ബാംഗ്ലൂര്‍) സ്ഫോടനം. എന്നിട്ടും ഇന്ത്യ സുരക്ഷിതമാണ് എന്ന് അവര്‍ പറയുന്നു. ഓസ്ട്രേലിയക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിനായി നഗരത്തിലുള്ള ടീമിന്റെ കാര്യത്തില്‍ പാകിസ്ഥാന് സുരക്ഷാ ആശങ്ക മുന്നോട്ടുവെക്കണം’ എന്നുമാണ് പാക് മാധ്യമപ്രവര്‍ത്തകനായ വജാഹത് കാസ്മിയുടെ ട്വീറ്റ്. 2023 ഒക്ടോബര്‍ 18-ാം തിയതിയാണ് കനത്ത തീയുടെ അടക്കമുള്ള വീഡിയോ സഹിതം കാസ്മിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനകം ഏഴ് ലക്ഷത്തോളം പേര് വജാഹത് കാസ്മി പങ്കുവെച്ച ഈ വീഡിയോ കണ്ടു. സമാനമായി പാകിസ്ഥാനടക്കമുള്ള ടീമുകള്‍ക്ക് ലോകകപ്പില്‍ സുരക്ഷാ പ്രശ്നമുണ്ട് എന്ന് ചൂണ്ടിക്കാട്ടി മറ്റ് ചിലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിലെ കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായതിന്റെ വീഡിയോയാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ പാക് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന സ്ഫോടനം പോലുള്ള കാഴ്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിന്റെതാണ്. കോറമംഗലയിലെ തീപിടുത്തം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത ഒക്ടോബര്‍ 18ന് നല്‍കിയിരുന്നു. ഇതേ ദിവസമാണ് പാക് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ബെംഗളൂരു നഗരത്തില്‍ സ്ഫോടനം എന്നും ലോകകപ്പിനെത്തിയ പാകിസ്ഥാന് ഉള്‍പ്പടെയുള്ള ക്രിക്കറ്റ് ടീമുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും പ്രചരിപ്പിച്ചത്.