ബംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു അഭിമാന നേട്ടം. ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് കണ്ടെത്തൽ. രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദും പട്ടികയിൽ മുൻപന്തിയിലുണ്ട്. അമേരിക്കയിലെ സാൾട്ട് ലേക്ക്, മിനിയാപോളിസ് സെന്റ് പോൾ എയർപോർട്ടുകളും കൊളംബിയയിലെ എൽഡോറാഡോ എന്നിവയും മുൻപന്തിയിലുണ്ട്. വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാന താവളത്തിനുള്ളതെന്നു പഠനം പറയുന്നു. സെപ്റ്റംബറിൽ 88.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത. ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ് ഇതെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്തവളമാണ് കെംപഗൗഡ വിമാനത്താവളം. 35 എയർലൈൻ കമ്പനികളുടെ 88 സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് വിമാനത്താവളത്തിൽ. 2022-23 കാലത്ത് മൂന്ന് കോടിക്ക് മുകളിലാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇത്ര തിരക്കുള്ള വിമാനത്താവളം കൃത്യനിഷ്ഠ പാലിക്കുന്നതു അഭിമാനകരമാണെന്നും പഠനം പറയുന്നു.