Home Featured ചോരക്കളമായി അല്‍ അഹ്‍ലി ആശുപത്രി; ഗാസയിലെ ആശുപത്രിയെ ആക്രമിച്ച് ഇസ്രായേല്‍

ചോരക്കളമായി അല്‍ അഹ്‍ലി ആശുപത്രി; ഗാസയിലെ ആശുപത്രിയെ ആക്രമിച്ച് ഇസ്രായേല്‍

by admin

ഗസ്സ സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ 500ലേറെ കൊല്ലപ്പെട്ട ഗസ്സയിലെ അല്‍ അഹ്‍ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചകള്‍.

ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരിക്കേറ്റവരെയും ഇരുട്ടിലാണ് സ്ട്രെച്ചറുകളില്‍ ദുരന്തസ്ഥലത്തുനിന്ന് മാറ്റിയത്. ആശുപത്രിക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങളും തകര്‍ന്ന വാഹനങ്ങളും കാണാമായിരുന്നു.സംഭവസ്ഥലത്ത് വൻ സ്ഫോടനമുണ്ടാകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂടുതല്‍ സുരക്ഷിതമെന്ന് കരുതി ആശുപത്രിയില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സയിലെ ഡോക്ടറായ സിയാദ് ഷെഹാദ പറഞ്ഞു. അങ്ങേയറ്റം ഭയാനകമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഒരു മിനിറ്റുകൊണ്ട് എല്ലാവരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിന്റെ അന്ത്യശാസനത്തെത്തുടര്‍ന്ന് വടക്കൻ ഗസ്സയില്‍നിന്ന് ഒഴിഞ്ഞുപോയവരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്ന് ഫലസ്തീനിയൻ റെഡ്ക്രസന്റ് പ്രതിനിധി നെബാല്‍ ഫര്‍സാഖ് പറഞ്ഞു. തെക്കൻ ഗസ്സയിലേക്ക് പോകാൻ കഴിയാതിരുന്നവരാണ് ഇവര്‍.അല്‍ അഹ്‍ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിനു നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണം 2008നു ശേഷമുണ്ടായ അഞ്ചു യുദ്ധങ്ങളിലെ ഏറ്റവും വലിയ ആക്രമണമാണെന്ന് ഫലസ്തീൻ സിവില്‍ ഡിഫൻസ് പറഞ്ഞു. തങ്ങളുടെ ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത ക്രൂരതയാണ് അരങ്ങേറിയത്. കഴിഞ്ഞ യുദ്ധങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലും നിരവധി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ രാത്രിയുണ്ടായത് വംശഹത്യയാണെന്ന് സിവില്‍ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസല്‍ പറഞ്ഞു.

ഹോസ്പിറ്റലിനു നേരെയുണ്ടായ ആക്രമണത്തില്‍ അനുശോചിച്ച്‌ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച വെസ്റ്റ് ബാങ്കില്‍ പണിമുടക്ക് നടത്താൻ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. അതേസമയം, അല്‍ അഹ്‍ലി ഹോസ്പിറ്റലിലെ ആക്രമണത്തെക്കുറിച്ചും മരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാറി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group