കല്പറ്റ: കര്‍ണാടകയില്‍ കൂലിപ്പണിക്ക് പോയ ആദിവാസി യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ബാവലി ഷാണമംഗലം കോളനിയിലെ ബിനീഷിനെയാണ് കര്‍ണാടകയിലെ ബിരുണാണിയില്‍ ജോലിസ്ഥലത്തിനടുത്ത ചെറിയ തോട്ടില്‍ മരിച്ച നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. ബിനീഷിന്റെ ശരീരത്തില്‍ മുറിവുണ്ടായിരുന്നതായി സഹോദരൻ മനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു. നാലു ദിവസം മുമ്ബ് ബിരുണാണിയിലെ കുടക് സ്വദേശിയുടെ കാപ്പിത്തോട്ടത്തില്‍ വളമിടാനായി ബിനീഷിനെ കൊണ്ടുപോയ ആള് തന്നെയാണ് മരിച്ച വിവരം ബാവലിയിലെ ഓട്ടോ ഡ്രൈവറെ അറിയിക്കുന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ സഹോദരനുള്‍പ്പെടെ കര്‍ണാടകയിലേക്ക് തിരിച്ചിരുന്നു. എന്നാല്‍, ബന്ധുക്കള്‍ എത്തുന്നതിനു മുമ്ബ് തന്നെ മൃതദേഹം ഗോണിക്കുപ്പ ആശുപത്രിയിലേക്ക് മാറ്റിയെന്നും അവിടെ ചെന്നപ്പോഴും കാണാൻ അനുവദിച്ചില്ലെന്നുമാണ് സഹോദരൻ പറയുന്നത്. പിറ്റേ ദിവസം 11ഓടെ പോസ്റ്റ്മോര്‍ട്ടത്തിന് തൊട്ടുമുമ്ബാണ് മൃതദേഹം കാണാൻ അനുമതി ലഭിച്ചത്. ആ സമയത്ത് കണ്ണിന്റെ വശങ്ങളിലും ചെവിയിലും തലക്ക് പിറകിലും മുറിവ് കണ്ടതായാണ് സഹോദരനും സുഹൃത്തുക്കളും പറയുന്നത്. ചെവിയിലൂടെ ചോര ഒഴുകുന്നുമുണ്ടായിരുന്നു. ഒന്നര അടി മാത്രം വെള്ളമുള്ള തോട്ടിലാണ് മൃതദേഹം കിടന്നിരുന്നതെന്ന് വിഡിയോയിലും ഫോട്ടോയിലും വ്യക്തമാണ്. അത്രയും കുറച്ച് വെള്ളമുള്ള തോട്ടില്‍ ബിനീഷ് എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്.
ബിനീഷിനെ കൂലിപ്പണിക്ക് കൊണ്ടുപോയ വെള്ളഞ്ചേരി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കൂടെ ജോലിക്കുപോയ വിജയൻ എന്നയാളെക്കുറിച്ചും വിവരമില്ല. അതേസമയം, ബിനീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് ശനിയാഴ്ച തിരുനെല്ലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാൻ എത്തിയപ്പോള്‍ തങ്ങളുടെ പരിധിയിലല്ല എന്നു പറഞ്ഞു പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്ന് സഹോദരൻ പറയുന്നു.
ശരീരത്തില്‍ മുറിവ് കാണാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അട്ട കടിച്ചതായിരിക്കുമെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. പിന്നീട് നിരവധി തവണ ആവശ്യപ്പെട്ടപ്പോഴാണ് പരാതി സ്വീകരിക്കാനും രസീത് നല്‍കാനും തയാറായത്. അതേസമയം, ബിനീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് വാട്സ്ആപ്പില്‍ അയച്ചുകൊടുക്കാമെന്ന് ശ്രീമംഗലം പൊലീസ് സ്റ്റേഷനില്‍നിന്ന് അറിയിച്ചതായി മനോജ് പറഞ്ഞു. കര്‍ണാടകയിലേക്ക് ജോലിക്ക് പോകുന്ന വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ മാസങ്ങള്‍ക്കുള്ളില്‍ നാലു ദുരൂഹ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2008 വരെ ഇത്തരം 122 ദുരൂഹ മരണങ്ങളുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കര്‍ണാടകയിലേക്ക് ജോലിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരങ്ങള്‍ അതിര്‍ത്തികളിലും പൊലീസിലും കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്ന് 2007 ആഗസ്റ്റില്‍ അന്നത്തെ ജില്ല കലക്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും വര്‍ഷങ്ങള്‍ മാത്രമായിരുന്നു ഇതിന് ആയുസ്സ്. കര്‍ണാടകയിലെ പ്രത്യേകിച്ച് കുടകിലെ ഇഞ്ചിപ്പാടങ്ങളില്‍ മദ്യവും മറ്റു ലഹരികളും നല്കി ആദിവാസികളെ പരമാവധി ചൂഷണം ചെയ്യുകയും കൂലിപോലും കൃത്യമായി നല്‍കാതെ എല്ലുമുറിയെ പണിയെടുപ്പിക്കുകയും സ്ത്രീകളെപ്പോലും കടുത്ത പീഡനത്തിന് ഇരയാക്കാറുമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, ഇതുസംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്താൻ പോലും ഭരണകൂടം തയാറായിട്ടില്ല. അടിമകളെപ്പോലെയാണ് മുതലാളിമാര്‍ പെരുമാറുന്നതെന്നും പ്രതികരിച്ചാല്‍ കടുത്ത പീഡനമാണ് ഏല്ക്കേണ്ടിവരുകയെന്നുമാണ് അവിടേക്ക് പോയവരുടെ സാക്ഷ്യം.