ചെന്നെ: നികുതി വെട്ടിച്ച് ഐ ഫോണുകളും ഗൂഗിൾ ഫോണുകളും സ്വർണവും ഉൾപ്പടെയുള്ള സാധനങ്ങൾ കടത്തിയതിന് ഒരു വിമാനത്തിലെ 113 പേർക്കെതിരെ കേസ്. വിമാനത്തിൽ ആകെ 186 യാത്രക്കാർ ആണ് ഉണ്ടായിരുന്നത്. ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ആണ് ഇവരെ പിടിക്കൂടിയത്. മസ്കറ്റിൽ നിന്നും ഒമാൻ എയർ വിമാനത്തിലെത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിലയേറിയ വസ്തുക്കൾ കടത്താൻ വിമാനത്തിലെ ഒരു യാത്രക്കാരൻ തന്റെ സഹയാത്രികരെനെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് വിവരം.
കമ്മിഷൻ, ചോക്ലേറ്റുകൾ, മറ്റ് വസ്തുക്കൾ എന്നിവ വാഗ്ദാനം ചെയ്തു അതിനാൽ ആണ് താൻ ഈ സാധനങ്ങൾ കടത്താൻ സമ്മതിച്ചതെന്ന് ക്യാരിയറുകളിൽ ഒരാൾ പരിശോധനയ്ക്കിടെ വെളിപ്പെടുത്തി. നൂറിലേറെ യാത്രക്കാർ വലിയ അളവിൽ സ്വർണവും ഐ ഫോണുകളും ലാപ്ടോപ്പുകളും കുങ്കുമവും കടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ചെന്നൈ വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്.
14 കോടിയിലേറെ രൂപ വരുന്ന വസ്തുക്കൾ ആണ് വിമാനത്തിൽ നിന്നും പിടിക്കൂടിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ യാത്രക്കാരെയും പരിശോധിച്ചു. സ്വർണ്ണത്തിന്റെ കട്ടകൾ, ബ്രേസ്ലെറ്റുകൾ എന്നിവ അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് പലരും കടത്താൻ ശ്രമിച്ചിരുന്നത്. ബാഗുകളിലും സ്യൂട്ട്കേസുകളിലുമായി രഹസ്യ അറകളിൽനിന്ന് 13 കിലോ സ്വർണവും 120 ഐ ഫോണുകളും 84 ആൻഡ്രോയ്ഡ് ഫോണുകളും വിദേശ സിഗരറ്റുകളും ലാപ്ടോപ്പുകളും കണ്ടെത്തു. 113 യാത്രക്കാർക്കെതിരെ കസ്റ്റംസ് ആക്ട് പ്രകാരം കേസെടുത്തു. തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടു. മറ്റ് യാത്രക്കാർ കള്ളക്കടത്തിൽ പങ്കാളികളല്ലെന്ന് വ്യക്തമായതിനെത്തുടർന്ന് ഇവരെ വെറുതെവിട്ടു.