Home Featured കാവേരി നദീജലം തമിഴ്നാടിന്: കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കാവേരി രക്ഷണ യാത്രയുമായി ബിജെപി

കാവേരി നദീജലം തമിഴ്നാടിന്: കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കാവേരി രക്ഷണ യാത്രയുമായി ബിജെപി

by admin

ബെംഗളൂരു: കാവേരി നദീജലം പങ്കിടുന്നതില്‍ കര്‍ണാടകയിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് കാവേരി രക്ഷണ യാത്രയുമായി ബിജെപി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെ അധികാരത്തിലുള്ളതിനാല്‍ തമിഴ്നാടിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാവേരി നദീ ജലം വിട്ടുകൊടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ ആരോപിച്ചു. മുഖ്യമന്ത്രി സിദ്ദരാമയ്യ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയെപോലെയാണ് പെരുമാറുന്നത്. കാവേരി നദീ ജലവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സുപ്രീം കോടതിയെ സമീപിക്കണമായിരുന്നു. നിലവിലെ കര്‍ണാടകയിലെ വരള്‍ച്ചാ സാഹചര്യം സുപ്രീം കോടതിയെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്നും യെദിയൂരപ്പ പറഞ്ഞു. 

കാവേരി നദീതടത്തിലുള്ള ഓരോ കര്‍ഷകനും ഓരോ ഏക്കറിന് കാല്‍ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. വെള്ളം ലഭിക്കാതെ ഈ മേഖലയിലുള്ള കര്‍ഷകരുടെ ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്. തമിഴ്നാട്ടിലേക്ക് കാവേരി നദീ ജലം ഒഴുക്കിയതിനെതിരെ സെപ്റ്റംബര്‍ 21ന് കാവേരി നദിതട മേഖലയില്‍ ബിജെപി കാവേരി രക്ഷണ യാത്ര (കാവേരി രക്ഷാ യാത്ര) നടത്തുമെന്നും ബൊമ്മൈ പറഞ്ഞു.
കാവേരി നദി മേഖലയിലെ നേതാക്കളുമായുള്ള യോഗത്തിനുശേഷമാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി തീരുമാനിച്ചത്. 

നമ്മുടെ കര്‍ഷകര്‍ക്ക് നല്‍കേണ്ട വെള്ളത്തിന്‍റെ 30ശതമാനം പോലും നല്‍കാതിരിക്കുമ്പോഴാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍ രണ്ടാമത്തെ വിളയിറക്കുന്നത്. കാവേരി വാട്ടര്‍ മാനേജ്മെന്‍റ് അതോറിറ്റിക്ക് മുമ്പാകെ ശക്തമായി വാദിക്കുന്നതില്‍ പോലും സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. തമിഴ്നാടിന് കാവേരി ജലം വിതരണം ചെയ്യുന്നത് അടിയന്തരമായി നിര്‍ത്തിവെക്കണം. തിങ്കളാഴ്ച ഗണേശോത്സവാഘോഷത്തിന്‍റെ ഭാഗമായി കോലാറിലെ വിഗ്നേശ്വര-സോമശേഖര ക്ഷേത്രത്തില്‍ പൂജ നടത്തിയശേഷമായിരിക്കും കാവേരി രക്ഷണ യാത്രക്ക് തുടക്കമിടുക. പദയാത്രക്കൊപ്പം ഓരോ താലൂക്കുകളിലും ധര്‍ണയും മറ്റു പ്രതിഷേധ പരിപാടികളും നടത്തും.സെപ്റ്റംബര്‍ 21ന് കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഇതിനുശേഷം തുടര്‍ സമരങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group