ബെംഗളൂരു • ബസുകൾ പുറപ്പെട്ടാലും ഇടയ്ക്കുള്ള പ്രധാന സ്റ്റോപ്പുകളിൽ നിന്ന് ഓൺലൈനായി സീറ്റ് ബുക്ക് ചെയ്യാനുള്ള ലൈവ് ടിക്കറ്റ് സംവിധാനം ബെംഗളുരു ഉൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലേക്കും വ്യാപിപ്പിക്കാൻ കേരള ആർടിസി. പുതുതായി ആരംഭിച്ച കേരള ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമാണ് ലൈവ് ടിക്കറ്റ് സംവിധാനം ആരംഭിക്കുന്നത്. കേരളത്തിലെ ചില റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലൈവ് ടിക്കറ്റ് നടപ്പിലാക്കിയിരുന്നു.
നിലവിൽ ബസ് പുറപ്പെടുന്നതിന്റെ ഒരു മണിക്കൂർ മുൻപ് വരെ ഓൺലൈനായും കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് അരമണിക്കൂർ മുൻപ് വരെ നേരിട്ടും ടിക്കറ്റെടുക്കാൻ സാധിക്കും. കർണാടക ആർടിസിക്ക് തിരുവനന്തപുരം, എറണാകുളം സർവീസുകളിൽ ബസ് പുറപ്പെട്ടാലും പ്രധാന സ്റ്റോപ്പുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നേരത്തെയുണ്ട്. സ്വകാര്യ ബസുകളും ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
ലൈവ് ടിക്കറ്റ് സംവിധാനം വരുന്നതോടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസുകളിൽ മൈസൂരു, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഒഴിവുള്ള സീറ്റുകൾ കണ്ടെത്തി ബുക്കിങ് നടത്താൻ സാധിക്കും. കൂടാതെ ഓൺലൈനിൽ സേർച് ചെയ്യുമ്പോൾ കൂടുതൽ ബസുകളും ലഭ്യമാകും. ബെംഗളൂരുവിൽ നിന്ന് മലബാർ മേഖലയിലേക്കും തെക്കൻ കേരളത്തിലേക്കും മൈസൂരു വഴിയുമുള്ള പകൽസർവീസുകളിൽ പലപ്പോഴും പകുതിയിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കിയിരുന്നത്. തിരിച്ച് വരുന്ന ബസുകളിലും സമാന സാഹചര്യമുണ്ട്. ഉത്സവ സീസണിൽ ഒരു വശത്തേയ്ക്ക് ബസുകൾ കാലിയായി വരുന്നത് ഒരു പരിധി വരെ കുറയ്ക്കാനും ലൈവ് ടിക്കറ്റ് നടപ്പിലാക്കുന്നതോടെ സാധിക്കും.