ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു എന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശനം. പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
ചന്ദ്രയാൻ പകര്‍ത്തുന്ന ആദ്യ ചിത്രം എന്ന അടിക്കുറിപ്പില്‍ ഒരു ചായക്കടക്കാരൻ ചായ അടിക്കുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് പ്രകാശ് രാജ് പങ്കുവച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനില്‍നിന്നുള്ള ആദ്യ ചിത്രം’ എന്നായിരുന്നു കാപ്ഷൻ. അതിനു പിന്നാലെയാണ് പ്രകാശ് രാജിനെതിരെ വിമര്‍ശനം രൂക്ഷമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയല്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഈ പോസ്റ്റിലൂടെ സ്വന്തം രാജ്യത്തിന്റെ വില്ലനാണ് നിങ്ങളെന്ന് തെളിയിച്ചു എന്നാണ് ഒരാള്‍ കുറിച്ചത്. ചന്ദ്രയാൻ 3 ബി.ജി.പിയുടെ മിഷൻ അല്ലെന്നും രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം കാണാതെ പരിഹസിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തെ അപമാനിക്കരുതെന്ന് ചിലര്‍ കുറിച്ചു.