ബെംഗളൂരു: ബിൽ മാറിക്കിട്ടാത്തതിൽ പ്രതിഷേധിച്ച് സ്കൂൾ കെട്ടിടത്തിനുമുകളിൽക്കയറി ആത്മഹത്യഭീഷണി മുഴക്കി കരാറുകാരൻ. ബെലഗാവിയിലെ ബെനച്ചിനമാരടിയിലാണ് സംഭവം. സ്കൂൾ കെട്ടിടം നിർമിക്കാൻ കരാറെടുത്ത രാമണ്ണ ആദിവെപ്പയാണ് താൻ നിർമിച്ച കെട്ടിടത്തിനുമുകളിൽക്കയറി ആത്മഹത്യഭീഷണി മുഴക്കിയത്.
നിർമാണം പൂർത്തിയായി ഏറെക്കാലം കഴിഞ്ഞിട്ടും 23 ലക്ഷം രൂപയുടെ ബില്ല് മാറിക്കിട്ടിയില്ലെന്നായിരുന്നു ആരോപണം. രണ്ടുമണിക്കൂറോളം കെട്ടിടത്തിനുമുകളിൽ നിലയുറപ്പിച്ച ഇദ്ദേഹത്തെ പോലീസെത്തി അനുനയിപ്പിച്ചാണ് താഴെയിറക്കിയത്.
കരാറുകാരൻ നിർമിച്ച കെട്ടിടത്തിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതാണ് ബില്ലുകൾ മാറുന്നതിന് തടസ്സമായതെന്നാണ് പൊതുമാരാമത്ത് വകുപ്പിന്റെ വിശദീകരണം. ഇക്കാര്യം പരിശോധിച്ചശേഷം ബില്ല് അനുവദിക്കുന്നകാര്യത്തിൽ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ബില്ലുകൾ മാറിനൽകാതെ സർക്കാർ കരാറുകാരെ ദ്രോഹിക്കുകയാണെന്ന് കർണാടക സിവിൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഒട്ടുമിക്ക കരാറുകാരും സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യയുടെ വക്കിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി.