Home Featured കാവേരിജലം തമിഴ്‌നാടിന്;കർണാടക സുപ്രീംകോടതിയിലേക്ക്

കാവേരിജലം തമിഴ്‌നാടിന്;കർണാടക സുപ്രീംകോടതിയിലേക്ക്

by admin

ബെംഗളൂരു: കാവേരിജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ കർണാടക സർക്കാർ. സുപ്രീംകോടതിയിൽ തിങ്കളാഴ്ച ഹർജി സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറൽ കെ. ശശികിരൺ ഷെട്ടിയെ സർക്കാർ നിയോഗിച്ചു.

കഴിഞ്ഞദിവസം നടന്ന മന്ത്രിസഭായോഗത്തിലേക്ക് ശശികിരൺ ഷെട്ടിയെ വിളിച്ചുവരുത്തി വിഷയം ചർച്ചചെയ്തിരുന്നു. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നത് സർക്കാരിനെതിരേയുള്ള ആയുധമായി ബി.ജെ.പി.യും ജെ.ഡി.എസും ഉയർത്തിക്കൊണ്ടുവരുന്നതിനിടെയാണ് നടപടി.

മഴയില്ലാത്തതിനാൽ കെ.ആർ.എസ്. ഉൾപ്പെടെയുള്ള അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞതും മാണ്ഡ്യജില്ലയിൽ വെള്ളമില്ലാത്തതിനാൽ കൃഷി നശിക്കുന്നതും സുപ്രീംകോടതിയെ ബോധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാവേരിനദീജല കരാറനുസരിച്ച് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നത് തുടർന്നാൽ സംസ്ഥാനത്ത് ജലക്ഷാമം അതിരൂക്ഷമാകുമെന്നും കർണാടകം സുപ്രീംകോടതിയെ അറിയിക്കും.

നേരത്തേ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുമെന്ന ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയെത്തുടർന്ന് ബി.ജെ.പി.യും ജെ.ഡി.എസും സർക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെ ബലപ്പെടുത്താനാണ് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ ഹനിച്ച് കോൺഗ്രസ് സർക്കാർ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കഴിഞ്ഞദിവസങ്ങളിൽ മാണ്ഡ്യയിൽ കർഷകസംഘടനകളും സർക്കാരിനെതിരേ പ്രതിഷേധം നടത്തിയിരുന്നു.

സർവകക്ഷി യോഗം 23-ന്

: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ 23-ന് സർവകക്ഷിയോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പ്രതിപക്ഷപാർട്ടികൾ ഉൾപ്പെടെ മുഴുവൻ സംഘടനാ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിക്കും.

നിലവിൽ സംസ്ഥാനത്തിന് വെള്ളം വിട്ടുകൊടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം സുപ്രീംകോടതിയെയും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയെയും ബോധിപ്പിക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group