ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗപാതയിലെ ഇരുമ്പുവേലികൾ വ്യാപകമായി മോഷണംപോകുന്ന സാഹചര്യത്തിൽ പട്രോളിങ് ശക്തമാക്കാൻ പോലീസ്. ചന്നപട്ടണയിൽനിന്ന് ഒരാഴ്ചയ്ക്കിടെ ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ സ്ഥാപിച്ച കമ്പിവേലി മോഷ്ടാക്കൾ കടത്തിയിരുന്നു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ദേശീയ പാത അതോറിറ്റിക്കുണ്ടായത്. ഇതിനുപുറമേ പാതയിൽ അപകടമുണ്ടാകാനുള്ള സാധ്യതയും വർധിച്ചു. മോഷണം തടയുന്നത് ലക്ഷ്യമിട്ട് രാത്രികാലങ്ങളിൽ കൂടുതൽ പോലീസ് സംഘങ്ങളെ പാതയിൽ നിയോഗിക്കുമെന്ന് രാമനഗര പോലീസ് അറിയിച്ചു.
കമ്പിവേലി മോഷണംപോയ സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള ചില സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ചന്നപട്ടണ, രാമനഗര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. ഇത്തരം കമ്പിവേലികൾ മോഷ്ടാക്കൾ ആക്രിക്കടകളിൽ വിൽക്കുകയാണ് പതിവ്. ആക്രിക്കടകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങളിൽ പോലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കവർച്ചകൾ നിരന്തരം ആവർത്തിക്കുമ്പോഴും ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. രാമനഗരയിലാണ് ഇത്തരം കവർച്ചാ സംഘങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം