പതിവ് പ്രവർത്തി ദിവസങ്ങളിൽ ബംഗളൂരു നഗരത്തിലൂടെയുള്ള യാത്ര അത്ര സുഖകരമല്ലെന്നാണ് നഗരവാസികൾ പറയാറ്. കാരണം ഗതാഗതക്കുരുക്ക് തന്നെ. പലപ്പോഴും ഗതാഗതക്കുരുക്കിൽപ്പെടുന്ന ബെംഗ്ലൂരു നഗരത്തിലെ ടാക്സി യാത്രകൾ യാത്രക്കാർക്ക് വലിയ തിരിച്ചടി ആകാറുണ്ട്. ഭീമമായ തുക ടാക്സി ചാർജ് ആയി ഈടാക്കുന്നതും ഇവിടെ ഒരു സാധാരണ സംഭവം മാത്രമാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു അസാധാരണ സംഭവം , ബംഗളൂരു നഗരത്തിലൂടെയുള്ള യാത്രയിൽ സംഭവിച്ചതിന്റെ അത്ഭുതവും സന്തോഷവും ഒരു യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. അതും വെറും ആറ് രൂപയ്ക്ക് താൻ നഗരത്തിനുള്ളിലൂടെ ഊബറിൽ യാത്ര ചെയ്തു എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ടാക്സി ചാർജ് സ്ക്രീൻ ഷോട്ടും അവർ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
ട്വിറ്റർ ഉപയോക്താവായ മഹിമ ചന്ദക് എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. തനിക്ക് പോകേണ്ടിയിരുന്ന സ്ഥലത്തേക്കുള്ള യഥാർത്ഥ ചാർജ് 46.24 രൂപയായിരുന്നുവെന്നും എന്നാൽ വെറും ആറ് രൂപയ്ക്ക് തനിക്ക് അവിടെ വരെ പോകാൻ സാധിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തില്‍. ഒരു പ്രമോഷണൽ കോഡ് ഉപയോഗിച്ചതിലൂടെയാണ് ഇത്രയും ചെറിയൊരു തുകയായി ഇവരുടെ ടാക്സി ചാർജ് കുറഞ്ഞതെന്നും ഇവര്‍ അവകാശപ്പെട്ടു. ബംഗളൂരു നിവാസികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കാമെന്നും മഹിമ ട്വീറ്റിൽ സൂചിപ്പിച്ചു.
യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് ഇതൊരു അസാധാരണവും രസകരവുമായ സംഭവമാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ, സമാനമായ രീതിയിൽ പ്രമോഷണൽ കോഡുകൾ ഉപയോഗിച്ച് ടാക്സി ചാർജ് പൂർണ്ണമായും ഇല്ലാതായതോടെ ടാക്സി ലഭിക്കാതെ വന്ന അനുഭവവും ചിലർ പങ്കുവെച്ചു. ഏതായാലും ബാംഗ്ലൂർ നഗരത്തിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ടാക്സി യാത്ര നടത്തിയ വ്യക്തി ഒരുപക്ഷേ താൻ ആയിരിക്കുമെന്നാണ് മഹിമ തന്റെ സാമൂഹിക മാധ്യമത്തിലൂടെ അവകാശപ്പെട്ടത്.