സ്ത്രീകള്‍ക്ക് പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദമായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് ലോകത്ത് ഇതാദ്യമായി ഗുളിക കണ്ടെത്തി. പുതിയ മരുന്നിന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അനുമതി ലഭിച്ചു. മൂന്ന് ദിവസങ്ങൾക്കകം പോസ്റ്റ് പാർട്ടം ഡിപ്രഷൻ ലക്ഷണങ്ങൾ ലഘൂകരിക്കാൻ ഈ ഗുളികയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ചികിത്സയ്ക്ക് ഐവി കുത്തിവയ്പ്പുകളാണ് നൽകിയിരുന്നത്. പുതിയ ഗുളികകൾ ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.
സങ്കടം, ഊർജക്കുറവ്, ആത്മഹത്യ ചിന്ത, മേധാശക്തിക്ക് തകരാർ എന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങളാണ്. ഇതുമൂലം ഉണ്ടാകുന്ന ജീവനുതന്നെ ഹാനികരമായ തീവ്രവും സങ്കീർണവുമായ വികാരങ്ങളെ നിയന്ത്രിക്കാൻ മരുന്ന് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അവസാന ഡോസ് കഴിച്ച് നാലാഴ്ച വരെ മരുന്നിന്റെ സ്വാധീനമുണ്ടാകുമെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടി.
പ്രൊജസ്ട്രോൺ ഹോർമോണിന്റെ പ്രകൃതിദത്ത ഉപോൽപന്നമായ അല്ലോ പ്രഗ്നാനലോണിന്റെ സിന്തറ്റിക് രൂപഭേദമാണ് പുതിയ ഗുളിക. തലച്ചോറിലെ ഗാമ-അമിനോബ്യൂട്ടിറിക് ആസിഡ്(ഗാബ) റിസപ്റ്ററുകളുടെ മേലാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. സമ്മർദത്തെയും ഒരു വ്യക്തിയുടെ മൂഡിനെയും ബാധിക്കുന്ന പ്രധാന സിഗ്നലിങ് വഴികളാണ് ഗാബ റിസപ്റ്ററുകൾ. നാഡീവ്യൂഹത്തെ ശാന്തമാക്കാൻ ഗാബയ്ക്ക് സാധിക്കും. സമ്മർദവും വിഷാദവും അനുഭവിക്കുന്നവരിൽ ഗാബയുടെ തോത് കുറവായിരിക്കും.
എന്നാൽ ചില പാർശ്വഫലങ്ങളും ഈ ഗുളിക കഴിക്കുന്നവരിൽ ഉണ്ടാകാമെന്ന് നിർമാതാക്കൾ പറയുന്നു. തലകറക്കം, അതിസാരം, ക്ഷീണം, ജലദോഷം, മൂത്രനാളിയിലെ അണുബാധ എന്നിവയാണ് ഗുളികയുടെ പ്രധാനപ്പെട്ട പാർശ്വഫലങ്ങൾ,