Home Featured കാവേരിജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരേ മാണ്ഡ്യയിൽ കർഷക പ്രതിഷേധം

കാവേരിജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരേ മാണ്ഡ്യയിൽ കർഷക പ്രതിഷേധം

by admin

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരേ മാണ്ഡ്യയിൽ കർഷകരുടെ പ്രതിഷേധം. മാണ്ഡ്യ കെ.ആർ.എസ്. അണക്കെട്ടിന് സമീപത്താണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. മേലുകോട്ടെ എം.എൽ.എ. ദർശൻ പുട്ടണ്ണയ്യയും പ്രതിഷേധത്തിൽ പങ്കെടുത്തു.

സംസ്ഥാനം കനത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നത് സംസ്ഥാനത്തെ കർഷകരോട് ചെയ്യുന്ന അനീതിയാണെന്ന് കർഷകർ ആരോപിച്ചു. ബുധനാഴ്ച ബെംഗളൂരു- മൈസൂരു അതിവേഗ പാതയിലും കർഷകർ പ്രതിഷേധിച്ചിരുന്നു.

അതേസമയം, നദീജലം വിട്ടുകൊടുക്കുന്നതിൽ പ്രതിപക്ഷ പാർട്ടികളും സർക്കാരിനെതിരേ രംഗത്തെത്തി. ‘ഇന്ത്യ’ സഖ്യത്തിന്റെ കെട്ടുറപ്പിന് വേണ്ടിയാണ് സംസ്ഥാനത്തിന്റെ താത്പര്യം ബലികഴിച്ച് ജലം വിട്ടുകൊടുക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കാനുള്ള തീരുമാനം തികച്ചും അനുചിതമാണെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കാവേരി വിഷയം കൈകാര്യം ചെയ്യുന്നതിൽ സിദ്ധരാമയ്യ സർക്കാർ സമ്പൂർണ പരാജയമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

എന്നാൽ, ഇത്തവണ മഴ കുറവായതിനാൽ തമിഴ്‌നാടിന് വിട്ടുകൊടുക്കുന്ന ജലവിഹിതം സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച നടത്തിയശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കേരളത്തിലും കുടകിലും മഴ കുറഞ്ഞതിനാൽ കാവേരിനദിയിൽ മുൻ വർഷങ്ങളേക്കാൾ വെള്ളം കുറവാണ്.

You may also like

error: Content is protected !!
Join Our WhatsApp Group