കടുത്തുരുത്തി: ഒരുവർഷം മുമ്പ് ഇരട്ടപ്പാതയടക്കം നവീകരിച്ച കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പുതിയതായി തീവണ്ടികളൊന്നും അനുവദിക്കാൻ നടപടിയില്ല. രാവിലെ 6.58-നും ഒൻപതിനുമിടെ കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് തീവണ്ടിയിൽ പോകാമെന്ന് വിചാരിച്ചാൽ യാതൊരു മാർഗവുമില്ല. ഏറെ തിരക്കുള്ള ഈ സമയത്തെ യാത്ര ജോലിക്കാരുൾപ്പെടെയുള്ള ദിവസയാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. കോട്ടയം-എറണാകുളം സംസ്ഥാനപാതയിലും ഈ സമയം വലിയ തിരക്കുള്ളതാണ്.
രാവിലെ 6.58-ന് പാലരുവി എക്‌സ്‌പ്രസ് പോയാൽ 8.25-ന് വരുന്ന വേണാട് എക്സ്പ്രസാണ് കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള തീവണ്ടി.
ഇതിനിടെ 7.27-ന് വന്ദേഭാരത് എക്സ്പ്രസ് പോകുന്നതിനാൽ മുന്നേ പോകുന്ന പാലരുവി എക്സ്പ്രസ് 25 മിനിറ്റോളം മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടും. വന്ദേഭാരത് പ്രീമിയം ട്രെയിനായതിനാൽ സാധാരണക്കാരായ സ്ഥിരം യാത്രക്കാർക്ക് യാത്രചെയ്യാൻ സാധിക്കില്ല.
വേണാട് എക്സ്പ്രസ് ദിവസവും 30 മിനിറ്റോളം വൈകിയാണ് കോട്ടയത്തെത്തുന്നത്. ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് ഹൈക്കോടതി, എയർപോർട്ട്, പോർട്ട് ട്രസ്റ്റ്, ഫാക്ട്, ഇൻഫോപാർക്ക്, കൊച്ചി കപ്പൽശാല, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, ബാങ്കുകൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കായി ഈ തീവണ്ടിയെ ആശ്രയിച്ചു യാത്രചെയ്യുന്നത്. രാവിലെ 6.58 കഴിഞ്ഞാൽ എറണാകുളത്തേക്കുള്ള ഏക തീവണ്ടി 7.27-നുള്ള വന്ദേഭാരതാണ്.
പുതിയതീവണ്ടിയില്ലാതെ തന്നെ പ്രശ്‌നം പരിഹരിക്കാമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടി സർവീസ് നടത്തിയാൽപ്രയോജനപ്പെടും. വന്ദേഭാരതിനുശേഷം രാവിലെ 7.45-ന് കോട്ടയത്തുനിന്ന് സർവീസ് ആരംഭിച്ച് അടുത്ത സൂപ്പർഫാസ്റ്റ് സ്റ്റോപ്പായ വൈക്കം റോഡിൽ 8.10-നും തൃപ്പൂണിത്തുറയിൽ 8.35-നും എറണാകുളം ടൗണിൽ 9.05-നുമെത്തി നിലവിലെ പോലെ തന്നെ സർവീസ് നടത്താം. വൈകീട്ട് 4.50-ന് എറണാകുളം ടൗണിൽനിന്ന് പുറപ്പെട്ട് 5.10-ന് തൃപ്പൂണിത്തുറയിലും 5.30-ന് വൈക്കം റോഡിലും ആറിന് കോട്ടയത്തും എത്തുന്ന വിധത്തിൽ സർവീസ് പുനഃക്രമീകരിക്കാം.