ബെംഗളൂരു:ഭാര്യയെയും രണ്ട് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തതായി റിപോര്‍ട്. ഒരു സോഫ്റ്റ് വെയര്‍ കംപനിയില്‍ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ വീരാര്‍ജുന വിജയ് (31), ഇയാളുടെ ഭാര്യ ഹൈമവതി (29), 2 പെണ്‍മക്കളുമാണ് മരിച്ചത്.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: മൂത്ത കുട്ടി മോക്ഷ മേഘനയനക്ക് 2 വയസും രണ്ടാമത്തെ കുട്ടി ശ്രുതി സുനയനക്ക് 8 മാസവുമാണ് പ്രായം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രദേശവാസികളെ നടുക്കിയ സംഭവം നടന്നത്.
സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഇത്തരമൊരു നടപടിക്ക് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ജൂലൈ 31 ന് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയശേഷം യുവാവ് അതേ ദിവസം സീലിംഗ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വ്യാഴാഴ്ച ഹൈമവതിയുടെ സഹോദരന്‍ സത്യസായി ലേഔടിലെ വസതിയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പലതവണ വാതിലില്‍ മുട്ടിയിട്ടും ആരും പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ കടുഗോഡി പൊലീസ് അന്വേഷണം ആരംഭിച്ചു.