ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യംകലർന്ന വെള്ളം കുടിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കവടിഗരഹട്ടി സ്വദേശി മഞ്ജുള(23)യാണ് മരിച്ചത്. ഇൗ വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഒൻപത് കുട്ടികളും നാലു സ്ത്രീകളും ഉൾപ്പെടെ ഇരുപതുപേർ ചികിത്സയിലുണ്ട്.
ആരോഗ്യനില മോശമായതിനെത്തുടർന്ന് രണ്ടുപേരെ ബസവേശ്വര മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സിറ്റി മുനിസിപ്പൽ കൗൺസിൽ വിതരണംചെയ്യുന്ന വെള്ളം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വെള്ളം മലിനമായെന്നും കുടിവെള്ള ടാങ്ക് വൃത്തിയാക്കാറില്ലെന്നും ഗ്രാമവാസികൾ ആരോപിച്ചു.
ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ പ്രഭു ഗ്രാമം സന്ദർശിച്ചു. അതിനിടെ, ബീദറിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് മൂന്നുപേർകൂടി ചികിത്സതേടി. ബെലകെര ഗ്രാമവാസികളാണ് ചികിത്സതേടിയത്. ഇതോടെ ജില്ലയിൽ ചികിത്സതേടിയവരുടെ എണ്ണം 30 ആയി.
സിദ്ധരാമയ്യ പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായാണ് അദ്ദേഹം പ്രധാനമന്ത്രിയെ കാണുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 11-നാണ് കൂടിക്കാഴ്ച. ധനമന്ത്രി നിർമലാ സീതാരാമൻ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവരെയും സിദ്ധരാമയ്യ കാണും.
കർണാടക മന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും കോൺഗ്രസ് ദേശീയനേതാക്കളുടെ കൂടിക്കാഴ്ച ചൊവ്വാഴ്ചയാണ്. ഇതിനാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തുന്നത്. കർണാടകത്തിലെ 50 നേതാക്കളാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.